പ്രഖ്യാപിത ഭൂരിപക്ഷ ദേശീയവാദം അപകടകരം : രഘുറാം രാജൻ
ന്യൂഡൽഹി : പ്രഖ്യാപിത ഭൂരിപക്ഷ ദേശീയവാദം സാന്പത്തിക വളർച്ചയെ തടസപ്പെടുത്തുമെന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ അഭിപ്രായപ്പെട്ടു. തങ്ങൾ വിവേചനം നേരിടുന്നുവെന്ന ഭൂരിപക്ഷ വിഭാഗത്തിന്റെ തോന്നലിൽ നിന്നുണ്ടാകുന്ന ക്രോധമാണിതെന്നും ടൈംസ് ലിറ്റ് ഫെസ്റ്റിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ ദേശീയവാദം സന്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഭിന്നിപ്പിന്റെ സ്വഭാവമുള്ളതുകൊണ്ട് തന്നെ അത് സന്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുമെന്നും പറഞ്ഞ രഘുറാം രാജൻ തങ്ങളും വിവേചനം നേരിടുന്നുവെന്ന ഭൂരിപക്ഷത്തിനുള്ളിലെ വികാരത്തിന് ഈ തീവ്രദേശീയവാദം വളമാകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുൾപ്പെടെ ലോകത്തെല്ലായിടത്തും ഇത് നിലനിൽക്കുന്നുണ്ടെന്നും ആളുകളുടെ ദുഃഖത്തെ അത് മുതലെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംവരണവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്നങ്ങൾക്ക് കാരണമിതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ നേരിടുകയെന്നതാണ് പ്രധാനം. ഭൂരിപക്ഷത്തിന്റെ ആശങ്കകളെ മറികടന്ന് ആർക്കും മുന്നോട്ടുപോകാനാകില്ല. ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ല. കാരണം ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയത എന്നത് ദേശസ്നേഹമല്ല, കാരണം അത് ഭിന്നിപ്പിക്കുന്നതും അപകടകാരിയാകാൻ സാധ്യതയുള്ളതുമാണ്. ഇക്കാര്യം വിളിച്ചുപറയുന്നവരെ അധിക്ഷേപിക്കുകയാണ് ഇവർ ചെയ്യുന്നത്. സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യങ്ങൾ മാത്രം കണക്കിലെടുത്ത് പദ്ധതികൾ ആവിഷ്കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റുകൾ ഉണ്ടാകാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും ശ്രവിക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


