മെ­ഡി­ക്കൽ വി­സ : സു­ഷമയെ­ പ്രശംസി­ച്ച് പാക് ബാ­ലൻ


ന്യൂഡൽഹി : അല്ലാഹുവിന് ശേഷം നിങ്ങളാണ് ഞങ്ങളുടെ അവസാന പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് പാക് ബാലൻ. ബന്ധുവിനുവേണ്ടി വിസ അനുവദിക്കുന്നതിന് ഇസ്‌ലാമാബാദ് എംബസിയോട് നിർദ്ദേശിക്കണമെന്ന് കാട്ടി ഷാസൈബ് ഇഖ്ബാൽ ട്വിറ്ററിലൂടെ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. വിസ അടിയന്തരമായി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ട്വീറ്റിനു മറുപടി പറയുകയും ചെയ്തു. ഇതിന് മറുപടിയായിട്ടായിരുന്നു പാക്ബാലന്റെ ട്വീറ്റ്.ഇന്നലെ നാല് പാകിസ്ഥാൻകാർക്ക് അടിയന്തര മെഡിക്കൽ വിസ മന്ത്രി അനുവദിച്ചിരുന്നു.  മാനുഷിക വിഷയങ്ങളെ ഇന്ത്യ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന പാകിസ്ഥാന്റെ പരാമർശം വന്ന് മൂന്ന് ദിവസങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ നടപടി വരുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിത്സകൾക്കായി അപേക്ഷിച്ച സാജിദ ബക്ഷ്, നോയിഡയിലെ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കിഷ്വർ സുൽത്താന തുടങ്ങിവരുടെ വിസ അപേക്ഷയും അംഗീകരിച്ചു.

സദുദ്ദേശ്യത്തോടെയെത്തുന്ന പാക് പൗരന്മാരായ രോഗികൾക്ക് ഇന്ത്യ മെഡിക്കൽ വിസകൾ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്വാതന്ത്ര്യദിനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കം നിലനിൽക്കെ, പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ ശുപാർശ കത്തുമായി വരുന്നവർക്ക് മാത്രമേ ഇന്ത്യ മെഡിക്കൽ വിസ അനുവദിക്കൂയെന്ന് മെയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 ഇതിനാണ് സ്വാതന്ത്ര്യദിനത്തിൽ മന്ത്രാലയം തന്നെ വ്യക്തത വരുത്തിയത്. ഇന്ത്യയുടെ നിലപാടിനെതിരെ പാകിസ്ഥാൻ രംഗത്തുവന്നിരുന്നു. അത്തരം കത്ത് ചോദിക്കുന്നത് നയതന്ത്ര നയങ്ങളുടെ ലംഘനമാണെന്നും മറ്റൊരു രാജ്യവും അങ്ങനെ ചോദിക്കാറില്ലെന്നും ഇസ്‌ലാമാബാദ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, പാക് അധിനിവേശ കാശ്മീരിൽനിന്നുള്ള ഒരു രോഗിക്ക് ട്യൂമറിന്റെ ചികിൽസയ്ക്കായി ന്യൂഡൽഹിയിൽ എത്തുന്നതിന് ജൂലൈ 18ന് ഇന്ത്യ വിസ നൽകിയിരുന്നു. ‘ഇന്ത്യയുടെ അവിഭാജ്യഘടകമായ’ മേഖലയിൽനിന്നു വരുന്നൊരാൾക്ക് പാകിസ്ഥാൻ സർക്കാരിന്റെ ശുപാർശ വേണ്ടെന്നാണ് അന്ന് സുഷമ സ്വരാജ് എടുത്ത നിലപാട്. എന്നാൽ ആഗസ്റ്റ് 15നുശേഷം, മെഡിക്കൽ വിസ ആവശ്യപ്പെടുന്ന പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ നൽകാതിരുന്നിട്ടില്ല.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed