സൊ​­​ഹ്റാ​­​ബു​­​ദ്ദീ​ൻ കേ​­​സ് : പുനരന്വേ​­​ഷ​ണം വേണമെന്ന് യ​ശ്വ​ന്ത് സിൻഹ


ന്യൂഡൽഹി : ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ‍ കേസിൽ‍ പുനരന്വേഷണം വേണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹ. സൊഹ്റാബുദ്ദീൻ ഷെയ്ഖ് കേസിൽ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച മുംബൈ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന്മേലുള്ള പുതിയ ആരോപണങ്ങൾ ഉൾപ്പെടെ സമ്മർദ്ദം ശക്തമായിരിക്കെയാണ് പാർട്ടിക്കകത്ത് നിന്ന് തന്നെ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവയൊണ് യശ്വന്ത് സിംഹ ഇക്കാര്യം പറഞ്ഞത്.

കേസിൽ സുപ്രീംകോടതി മേൽ‍നോട്ടത്തിൽ‍ പുതിയ അന്വേഷണം വേണമെന്നാണ്  യശ്വന്ത് സിൻഹയുടെ ആവശ്യം. സൊഹ്റാബുദ്ദീൻ ഷെയ്ഖ് കേസിൽ ആദ്യം വാദംകേട്ട ജഡ്ജിയുടെ ദൂരൂഹ മരണം അതീവ ഗൗരവതരമാണ്. ജസ്റ്റീസ് ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ മരണത്തിൽ പുതിയ അന്വേഷണം വേണം. നീതിന്യായവ്യവസ്ഥ ഇപ്പോൾ സംശയനിഴലിലാണ്. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം ഈ അന്വേഷണം നടക്കേണ്ടത്. കേസിൽ ആദ്യന്തം ഒത്തുതീർപ്പുകൾ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കണമെന്നും സിൻഹ കൂട്ടിച്ചേർത്തു.

അമിത് ഷാ പ്രതിയായിരുന്ന കേസിൽ‍ തുടക്കം മുതൽ‍ ഒത്തുതീർ‍പ്പുകൾ‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തിൽ‍ മരിച്ചതും ഈ ജ‍ഡ്ജിക്ക് മുബൈ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി 100 കോടിരൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും അതീവഗൗരവമുള്ളതാണ്. ഈ സംശയങ്ങൾ‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും സിൻഹ പറഞ്ഞു. കേസിലെ നടപടികൾ‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയരീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരെയുള്ള ആരോപണം എല്ലാം ഗുരുതര വിഷയങ്ങളാണെന്നും യശ്വന്ത് സിൻഹ പറഞ്ഞു. 

സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിന്‍റെ വിചാരണയ്ക്കിടെ 2014 ഡിസംബർ ഒന്നിന് നാഗ്പുരിൽ വെച്ചാണ് ജസ്റ്റീസ് ലോയ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കാരവൻ മാഗസിൻ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ നിരഞ്ജൻ താക്ലെ എഴുതിയ റിപ്പോർട്ടിൽ ലോയയുടെ മരണത്തെ സംബന്ധിച്ചും പോസ്റ്റ് മോർട്ടം നടപടിക്രമങ്ങളെ കുറിച്ചും ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി നിരവധി സംശയങ്ങൾ ഉന്നയിച്ചിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed