ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളിൽ നൂറ് ശതമാനം വർദ്ധനവ്
ശ്രീനഗർ : ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളിൽ നൂറു ശതമാനം വർദ്ധനവുണ്ടായതായി പഠന റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സംഘടിപ്പിച്ച, സൈബർ നിയമങ്ങളെയും സുരക്ഷയെയും സംബന്ധിച്ച രണ്ടുദിന കോൺഫറൻസിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ടുകൾ അവതരിപ്പിച്ചത്. സർക്കാർ−സർക്കാരിതര മേഖലകളിൽ, പ്രത്യേകിച്ച് സാന്പത്തിക മേഖലയിൽ കുറ്റകൃത്യങ്ങൾ പെരുകുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2016−17 കാലഘട്ടത്തിൽ സർക്കാർ മേഖലയിലെ സൈബർ കുറ്റകൃത്യങ്ങളിൽ 136 ശതമാനം വർദ്ധനവാണുണ്ടായത്.
സ്വകാര്യ മേഖലയിലേക്ക് വരുന്പോൾ ഇത് 119 ശതമാനമായി കുറയുന്നുണ്ടെങ്കിലും വർദ്ധനവ് ഇരട്ടിയിലധികമാവുന്നതായി വ്യക്തമാണെന്ന് കാശ്മീർ ലോ കോളേജ് പ്രൊഫസർ യാസിർ ലത്തിഫ് ഹാന്ദൂ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മാതൃകയിൽ അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ കോടതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.


