ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മല സീതാരാമൻ
അഹമ്മദാബാദ് : അരുണാചൽ ഇന്ത്യയുടെ അധീനതയിലുള്ള മണ്ണാണെന്നും ഇതേക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ട ആവശ്യം രാജ്യത്തിനില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെത്തിയപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ അരുണാചലിൽ സന്ദർശനം നടത്താനുള്ള പ്രതിരോധമന്ത്രിയുടെ നീക്കത്തിനെതിരെ ചൈന രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിർമ്മല സീതാരാമൻ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.
അരുണാചൽ ഇന്ത്യയുടെ മണ്ണാണെന്നും അവിടെ പോവുക തന്നെ ചെയ്യുമെന്നും മന്ത്രി ആവർത്തിച്ചു. ദോക് ലായിലെ ഇന്ത്യ ചൈന അതിർത്തി പ്രദേശത്ത് കഴിഞ്ഞ മാസം സന്ദർശനം നടത്തിയപ്പോൾ ചൈനീസ് സൈനികരുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ട മന്ത്രിയുടെ നിലപാട് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.


