177 ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി 28 നിന്ന് 18 ശതമാനമാക്കി
ഗുവാഹത്തി : 177 ഉൽപ്പന്നങ്ങളുടെ ചരക്കു സേവന നികുതി (ജി.എസ്.ടി) 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 28 ശതമാനം നികുതി നൽകേണ്ട ഉയർന്ന സ്ലാബിൽ 50 ഉൽപ്പന്നങ്ങളെ മാത്രം നിജപ്പെടുത്താനാണ് തീരുമാനം. ഇതോടെ 177 ഉൽപ്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ആയി കുറയ്ക്കുകയായിരുന്നു. ഉയർന്ന സ്ലാബിൽ നേരത്തെ 227 ഉൽപ്പന്നങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്.
ചോക്ലേറ്റ്, അലക്കുപൊടി, ച്യൂയിംഗം, ആഫ്റ്റർഷേവ് ലോഷൻ, ഷേവിംഗ് ക്രീം, മാർബിൾ, ഗ്രാനൈറ്റ്, സ്പ്രേകൾ, മേക്കപ്പ് സാധനങ്ങൾ, ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുന്നത്. 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ സർക്കാരിന് ഉണ്ടാകുക. പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റ്, കോളകൾ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷണർ, പെയിന്‍റ്, സിമന്‍റ് എന്നിവയുടെ നികുതിയിൽ മാറ്റമില്ല. ഇവയെ 28 ശതമാനം ജി.എസ്.ടിയിൽ തന്നെ നിലനിർത്തി.
ഉൽപ്പന്നങ്ങളുടെ കൂടിയ ജി.എസ്.ടി ഏറെ പരാതികൾ സൃഷ്ടിച്ച സാഹചര്യത്തിൽ ധനമന്ത്രി അരുൺ ജെയ്ലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, പഞ്ചാബ് കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ പ്രതിനിധികൾ ജി.എസ്.ടി ഘടനയിൽ സമൂല മാറ്റം വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തെ പിന്തുണച്ച് ഡൽഹിയും മറ്റ് ചില സംസ്ഥാനങ്ങളിലെ പ്രതിനിധികളും രംഗത്തെത്തിയിരുന്നു.
ജി.എസ്.ടി റിട്ടേൺ ഫയലിംഗ് വൈകിയാലുള്ള പിഴ ദിവസം 200 രൂപയിൽ നിന്നു 50 രൂപയായും കുറച്ചു. പഞ്ചനക്ഷത്ര ഹോട്ടൽ എന്ന പരിധി ഒഴിവാക്കി 7,500 രൂപയിൽ കൂടുതൽ മുറി വാടക ഈടാക്കുന്നവയ്ക്കും 18 ശതമാനം നിരക്കിലേക്ക് താഴ്ത്താൻ തീരുമാനിച്ചിട്ടുണ്ട്. ടാക്‌സ് ടേൺഓവർ ഒരു ശതമാനത്തിൽ നിന്നും 0.5 ശതമാനമായി കുറയ്ക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.


