വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളി ആക്കണമെന്ന് കോടതി
ന്യൂഡൽഹി : വിവാദ വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് ഡൽഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് കോടതി ആവശ്യപ്പെട്ടു.
ഡിസംബർ 18ന് മുന്പ് വിജയ് മല്യ കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഏപ്രിൽ 12നാണ് മല്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ലണ്ടനിൽ നടന്ന ഫോർമുല വൺ ലോക ചാന്പ്യൻഷിപ്പിൽ കിങ്‌ഫിഷറിന്‍റെ ലോഗോ പരസ്യമായി നൽകുന്നതിന് 200,000 ലക്ഷം യു.എസ് ഡോളർ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് കൈമാറിയെന്നാണ് കേസ്. 1996,1997,1998 എന്നീ വർഷങ്ങളിലും കിങ്‌ഫിഷറിന്‍റെ പ്രചാരണാർത്ഥം മല്യ പണം കൈമാറിയിരുന്നു.


