മമതയ്ക്ക് മോഡിയോട് മമത
കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പ്രശ്നങ്ങളിലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജ്യത്ത് രാഷ്ട്രീയപാർട്ടികൾ പരസ്പരം കാലമാറ്റുന്ന സാഹചര്യത്തിലാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ ഈ കളംമാറ്റൽ പ്രസ്താവന.
മോഡിയോട് വിരോധമില്ലെന്നും രാജ്യത്ത് ഏകാധിപത്യ അന്തരീക്ഷം സൃഷ്ടിക്കുന്നത് അമിതാ ഷാ ആണെന്നുമാണ് മമതയുടെ നിലപാട്. ‘നരേന്ദ്രമോഡിയോട് എനിക്ക് താൽപര്യമാണ്. പക്ഷേ അമിത് ഷായോട് ഇല്ല. പ്രധാനമന്ത്രിയെ ഞാൻ കണ്ണടച്ച് ആക്ഷേപിക്കുന്നില്ല. എന്തിന് ഞാനങ്ങനെ ചെയ്യണം. അദ്ദേഹത്തിന്റെ പാർട്ടിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം’ മമത പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെക്കുറിച്ചും മമത സംസാരിച്ചു. ‘വാജ്പേയി ബിജെപിക്കാരൻ തന്നെയായിരുന്നു. എന്നാൽ അദ്ദേഹം സന്തുലിതമായും പക്ഷപാതരഹിതവുമായാണ് പ്രവർത്തിച്ചത്. അദ്ദേഹത്തിനു കീഴിൽ ഞങ്ങൾ യാതൊരു പ്രയാസവും നേരിട്ടിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങനെയാണോ? മമത ചോദിച്ചു. മമതയുടെ മനംമാറ്റം വരുംദിവസങ്ങളിൽ ദേശീയതലത്തിലെ പുതിയ സാധ്യതകളാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

