ജെ.ഡി.യു എൻ.ഡി.എയിൽ : കേന്ദ്ര മന്ത്രിസഭയിൽ ഇടം ലഭിക്കും
പാട്ന : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു. വീണ്ടും എൻ.ഡി.എ സഖ്യത്തിലേക്ക്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ഇന്ന് രാവിലെ ചേർന്ന ജെ.ഡി.യുവിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്.
മുൻ അധ്യക്ഷൻ ശരദ് യാദവിന്റെ അഭാവത്തിലാണ് നടപടി. പാർട്ടിയിൽ അനഭിമതനായ യാദവിന്റെ നേതൃത്വത്തിൽ ബദൽ യോഗം വൈകാതെ ചേരും. ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങൂമെന്നാണ് സൂചന. പാർട്ടി ചിഹ്നത്തിനു വേണ്ടിയുള്ള നിയമപോരട്ടം വരും ദിവസങ്ങളിൽ ഉണ്ടാകും. ബിഹാറിൽ കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെട്ട മഹാസഖ്യം ഉപേക്ഷിച്ചാണ് നിതീഷ് കുമാർ ചേരി മാറിയത്. ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ തീരുമാനം ജനവഞ്ചനയാണെന്ന നിലപാടിലാണു ശരദ് യാദവ്.
എൻ.ഡി.എ യോഗം ചേർന്ന് ജെ.ഡി.യുവിന്റെ മുന്നണി പ്രവേശനം അംഗീകരിക്കുന്നതോടെ ജെ.ഡി.യു സഖ്യകക്ഷിയായി മാറും. നിതീഷും കൂട്ടരും എൻ.ഡിഎ പാളയത്തിൽ എത്തുന്നതോടെ കേന്ദ്രഭരണത്തിലും ജെ.ഡി.യുവിന് പ്രാതിനിധ്യം ലഭിക്കും. മൂന്ന് കേന്ദ്രമന്ത്രി പദങ്ങളാണ് ജെ.ഡി.യുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അടുത്ത കാലം വരെ ഇന്ത്യയിലെ എണ്ണപ്പെടുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇപ്പോൾ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അടിമയായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. എൻ.ഡി.എയിലേയ്ക്ക് ചുവടുമാറ്റിയ നിതീഷ് കുമാറിന്റെ തീരുമാനം പല നേതാക്കൾക്കും ഇപ്പോഴും ദഹിച്ചിട്ടില്ല. ചേരിമാറുന്ന കാര്യത്തിൽ നിതീഷ് കുമാർ കാട്ടുന്ന മെയ്‌വഴക്കം അത്ഭുതപ്പെടുത്തുന്നതാണെന്നും സന്ദീപ് ദീക്ഷിത് പരിഹസിച്ചു.

