ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് : ബി.ജെ.പി ഹൈക്കോടതിയിൽ
ഗാന്ധിനഗർ : ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ട് എം.എൽ.എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥി ഹൈക്കോടതിയിൽ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്‍റെ അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ട ബൽവന്ത് സിംഗ് രാജ്പുതാണ് പട്ടേലിന്‍റെ വിജയം അസാധുവാക്കണമെന്നും വോട്ട് സാധവാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് ബൽവന്ത് സിംഗ് ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പിന് മുന്പ് കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയതിനേയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ ഒറ്റവോട്ടിനാണ് ജയിച്ചത്. ബി.ജെ.പിക്ക് വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് അസാധുവാക്കിയതോടെയാണ് പട്ടേലിന് വിജയിക്കാനായത്. മൂന്ന് രാജ്യസാഭാ സീറ്റിലേക്കാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ അമിത് ഷായും സ്മൃതി ഇറാനിയും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ സീറ്റിലേക്കാണ് കടുത്ത പോരാട്ടം നടന്നത്. ബൽവന്ത് സിംഗിന്റെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

