ഗോരഖ്പുർ : മരണം 105 ആയി : സർക്കാർ ഉത്തരം പറയണമെന്ന് അലഹബാദ് ഹൈക്കോടതി
ലഖ്നൗ : ഓക്‌സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിക്കുന്ന ഗേരഖ്പുരിൽ മരണം തുടർക്കഥയാകുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒന്‍പത് കുഞ്ഞുങ്ങൾ മരിച്ചതോടെ മരണസംഖ്യ 105 ആയി. ഒന്‍പത് മരണങ്ങളിൽ അഞ്ചെണ്ണം നവജാത ശിശുക്കളാണ്. എന്നാൽ കുട്ടികളെ രോഗം മൂർച്‍ഛിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കുഞ്ഞു ജീവിതങ്ങൾ പൊലിയുന്നത് തുടരുകയാണ്. മസ്തിഷ്‌ക ജ്വരമെന്നും, ഓക്‌സിജൻ അഭാവമെന്നും പറയുന്പോഴും ഇത്രയും മരണങ്ങൾ തുടരുന്നതിൽ അസ്വാഭാവികത ആരോപിക്കുന്നുണ്ട്.
അതേസമയം കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ സർക്കാർ ഉത്തരം പറയണമെന്ന് അലഹബാദ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിനോടും മെഡിക്കൽ ഹെൽത്ത് ഡയറക്ടർ ജനറലിനോടും ഇതുസംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തകനായ നൂതൻ ഠാക്കൂർ നൽകിയ പൊതു താൽപ്പര്യ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് ദയാ ശങ്കർ തിവാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ വാദം കേൾക്കുന്നതിനായി ഓക്ടോബർ ഒന്പതിലേക്ക് മാറ്റി.

