വെളിച്ചെണ്ണയിൽ മായം : സാന്പിളുകൾ ശേഖരിച്ചു
നെടുങ്കണ്ടം : കഴിഞ്ഞദിവസം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ സംഘം സാന്പിളുകൾ ശേഖരിച്ചു. ഉടുന്പൻചോല ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസർ സന്തോഷ് കുമാർ, ജില്ലാ ഓഫീസിലെ ജീവനക്കാരനായ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധകൾ നടത്തിയത്. നെടുങ്കണ്ടത്തെ സൂപ്പർമാർക്കറ്റിൽ നിന്നും നെടുങ്കണ്ടം സ്വദേശി പെരുന്പുഴയിൽ പ്രസാദ് എന്നയാൾ വാങ്ങിയ വെളിച്ചെണ്ണയുടെ അരലിറ്റർ പായ്ക്കറ്റിൽ നിന്നും ഏകദേശം 50 ഗ്രാമോളം കട്ടിയുള്ള മെഴുക് തരികൾക്ക് സമാനമായ പദാർത്ഥം കണ്ടെത്തുകയായിരുന്നു.
ഇതേത്തുടർന്ന് പ്രസാദ് സപ്ലൈകോ സൂപ്പർമാർക്കറ്റിലെത്തി മാനേജർക്ക് പരാതി നൽകി. സാന്പിളുകളിൽ ലഭിക്കുമെന്നും മായം ചേർത്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉടുന്പൻചോല ഭക്ഷ്യസുരക്ഷ ഓഫീസറായ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഓണക്കാലത്ത് സ്വകാര്യ കന്പനികളെ സഹായിക്കാൻ സപ്ലൈകോയിലൂടെ വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം കുറയ്ക്കാൻ സ്വകാര്യ വിതരണ ഏജൻസികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതും വകുപ്പിനെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സപ്ലൈകൊ അധികൃതർ പറഞ്ഞു.

