കോൺഗ്രസിന് ആശ്വാസമായി പട്ടേൽ വിജയം
അഹമ്മദാബാദ് : രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ 44 എം.എൽ.എമാരുടെ പിന്തുണയോടെ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വിജയിച്ചു. വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ ഉയർത്തി കാണിച്ച രണ്ട് വിമത കോൺഗ്രസ് അംഗങ്ങളുടെ വോട്ട് റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അഹമ്മദ് പട്ടേൽ വിജയിക്കുകയായിരുന്നു. മൂന്ന് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുമാണ് വിജയിച്ച മറ്റ് രണ്ട് പേർ. ബൽവന്ത് സിംഗ് രാജ്പുത്തായിരുന്നു ബി.ജെ.പിയുടെ മൂന്നാം സ്ഥാനാർത്ഥി.
രാജ്യത്തെ എട്ട് മണിക്കൂറോളം മുൾമുനയിൽ നിർത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. പിന്നീട്, പലതവണ നിർത്തിവയ്ക്കേണ്ടിയും വന്നു. രണ്ട് വിമത എം.എൽ.എമാരുടെ വോട്ടുകൾ റദ്ദാക്കണമെന്ന കോൺഗ്രസിന്റെ പരാതി വന്നതോടെയാണ് വോട്ടെണ്ണൽ നിർത്തിവച്ചത്. രണ്ട് എം.എൽ.എമാർ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നായിരുന്നു പരാതി. പാർട്ടി ഏജന്റിനെ അല്ലാതെ മറ്റാരെയും വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ കാണിക്കാൻ പാടില്ലെന്നാണ് ചട്ടം.
വിമതരുടെ വോട്ട് അസാധുവാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മീഷൻ ആദ്യം തള്ളി. തുടർന്ന് നേതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. നാടകീയ നീക്കങ്ങളുടെ മണിക്കൂറുകൾ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ പരാതി അംഗീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പു വന്നു. തുടർന്നു വോട്ടെണ്ണൽ പുനരാരംഭിച്ചെങ്കിലും കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ബി.ജെ.പി സംഘവും തിരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു. ഇതോടെ വീണ്ടും വോട്ടെണ്ണൽ നിലച്ചു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ നേതൃത്വത്തിൽ വീണ്ടും കോൺഗ്രസ് സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സമാന കേസിൽ ഹരിയാനയിലും രാജസ്ഥാനിലും മുന്പ് വോട്ട് റദ്ദാക്കിയിട്ടുണ്ടെന്നും 2016 ജൂണിൽ വോട്ട് റദ്ദാക്കിയതിന്‍റെ ഗുണഭോക്താവ് ബി.ജെ.പിയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. പരാതി പരിശോധിച്ച ശേഷം വോട്ടെണ്ണൽ തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതോടെയാണ് ഫലപ്രഖ്യാപനത്തിന് വഴിതെളിഞ്ഞത്.
രണ്ടു വോട്ടുകൾ അസാധുവായതോടെ ഒരു സ്ഥാനാർത്ഥിക്കു ജയിക്കാൻ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തേ 45 ആയിരുന്നു. 44 എം.എൽ.എമാരാണ് പട്ടേലിനെ പിന്തുണച്ചത്. കോൺഗ്രസ് എം.എൽ.എമാർക്കു പുറമെ എൻ.സി.പിയുടെയും ജെ.ഡി.യുവിന്റെയും ഓരോ അംഗങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്തു. അമിത് ഷായ്ക്കും സ്മൃതി ഇറാനിയ്ക്കും 45 എം.എൽ.എമാർ വീതം വോട്ടു ചെയ്തു. ബൽവന്ത് സിംഗ് രാജ്പുത്തിന് 39 വോ
ട്ടാണ് ലഭിച്ചത്. ബി.ജെ.പി വിമത എം.എൽ.എ നളിൻഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടു ചെയ്തതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അതേസമയം രണ്ട് എം.എൽ.എമാരുടെ വോട്ടുകൾ അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ സ്ഥാനാർത്ഥിയായിരുന്ന ബൽവന്ത് സിംഗ് രാജ്പുത് കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

