‘സത്യമേവ ജയതേ’ : എം.എൽ.എമാർക്ക് നന്ദി അറിയിച്ച് അഹമ്മദ് പട്ടേൽ
അഹമ്മദാബാദ് : രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അഹമ്മദ് പട്ടേൽ ട്വിറ്റിറിലൂടെ തന്റെ നന്ദി അറിയിച്ചു. എം.എൽ.എമാർക്കും കോൺഗ്രസ് നേതൃത്വത്തിനുമാണ് ട്വീറ്റ് പരന്പരയിലൂടെ പട്ടേൽ നന്ദിയറിയിച്ചത്. ‘സത്യമേവ ജയതേ’ എന്നായിരുന്നു അഹമ്മദ് പട്ടേലിന്റെ ആദ്യ പ്രതികരണം. ഇത് തന്റെ മാത്രം വിജയമല്ലെന്നും ബി.ജെ.പിയുടെ പണാധിപത്യത്തിനെതിരായ വിജയമാണെന്നും പട്ടേൽ പ്രതികരിച്ചു.
ബി.ജെ.പിയുടെ ഭീഷണികളെയും സമ്മർദ്ദങ്ങളെയും വകവെക്കാതെ വോട്ട് ചെയ്ത എം.എൽ.എമാരോട് നന്ദിയുണ്ട്. അവർ സമഗ്രമായ ഇന്ത്യയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത്. വ്യക്തിപരമായ വൈരാഗ്യവും രാഷ്ട്രീയ ഭീകരതയുമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്ന് തെളിഞ്ഞു. ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ജനങ്ങൾ ബി.ജെ.പിക്ക് തക്കതായ മറുപടി നൽകുമെന്നും പട്ടേൽ അഭിപ്രായപ്പെട്ടു.

