ബിഹാറിൽ ജീവനക്കാർക്ക് ഇനി 'ടൂർ നിർബന്ധം'; മൂന്ന് മാസം കൂടുമ്പോൾ യാത്ര പോയില്ലെങ്കിൽ നടപടിയെന്ന് സർക്കാർ
ഷീബ വിജയൻ
സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിന്റെയും ഭാഗമായി സർക്കാർ ജീവനക്കാർക്ക് വിചിത്രവും പുതിയതുമായ നിർദേശവുമായി ബിഹാർ സർക്കാർ രംഗത്തെത്തി. ഓരോ മൂന്നു മാസത്തിലും കുടുംബത്തോടൊപ്പം സർക്കാർ അംഗീകരിച്ച ഏതെങ്കിലും ടൂറിസം കേന്ദ്രങ്ങൾ നിർബന്ധമായും സന്ദർശിക്കണമെന്നാണ് പുതിയ ഉത്തരവ്. ഈ വിനോദസഞ്ചാര സന്ദർശനം സംബന്ധിച്ച കൃത്യമായ ഫീഡ്‌ബാക്ക് റിപ്പോർട്ടുകൾ സർക്കാർ ജീവനക്കാർ ഔദ്യോഗികമായി സമർപ്പിക്കുകയും വേണം. മേയ് 20-നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിার্টমেন্ট അഡീഷണൽ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ജീവനക്കാരുടെ ഈ യാത്രകൾ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ആയി ക്രമീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കുറഞ്ഞത് രണ്ട് ദിവസവും രണ്ട് രാത്രിയും ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിർബന്ധമായും ചെലവഴിക്കണം. എന്നാൽ, സന്ദർശിക്കുന്ന ജില്ല ജീവനക്കാരന്റെ സ്വന്തം ജില്ല ആയിരിക്കരുത് എന്ന കർശന നിബന്ധനയുമുണ്ട്. ഓരോ യാത്രയിലും പരിസ്ഥിതി സൗഹൃദ ടൂറിസം അല്ലെങ്കിൽ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് സ്ഥലങ്ങളെങ്കിലും സന്ദർശിക്കണമെന്നും അവിടെ രാത്രി താമസം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ യാത്രയും താമസവും ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി തന്നെ കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും ഭാവി പ്രചാരണങ്ങൾക്കും ജീവനക്കാരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നേരിട്ട് പ്രയോജനപ്പെടുത്താനാണ് സർക്കാർ ഈ വേറിട്ട നീക്കം നടത്തുന്നത്.
dfsdf

