കാശ്മീരിന്റെ പ്രത്യേക അധികാരം സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തരുതെന്ന് മെഹ്ബൂബ
ശ്രീനഗർ : ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇത് സംബന്ധിച്ച നിയമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തിയാൽ ജമ്മുകാശ്മീരിൽ ആരും ഇന്ത്യൻ പതാക പിടിക്കില്ലെന്ന് മെഹ്ബൂബ വ്യക്തമാക്കി. ജമ്മുകാശ്മീരിൽ തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളും തീവ്രവാദ നീക്കങ്ങളും സംബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മെഹ്ബൂബ. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണ ഘടനയിലെ 370 ,35 A വകുപ്പുകളിൽ മാറ്റം വരുത്താനോ അത് എടുത്തുകളയാനോ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാൽ ജമ്മുകാശ്മീരിൽ ഇന്ത്യൻ പതാക ഏന്താൻ ആരും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ പറഞ്ഞു.
ഇന്ത്യയെന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന നാടാണ് കാശ്മീർ, പക്ഷേ കാശ്മീർ എന്ന ആശയത്തെ ഇന്ത്യ എന്ന ആശയം എത്രത്തോളം ഉൾകൊള്ളുന്നുണ്ട് എന്നാണ് പ്രസക്തമായ കാര്യമെന്നും മെഹ്ബൂബ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തുന്പോഴും തനിക്ക് ഇന്ത്യയെന്നാൽ ഇന്ദിര തന്നെയാണെന്ന് മെഹബൂബ പറയുന്നു. “ഈ സമയത്തെ വ്യക്തി മോഡി തന്നെയാണ്. ചരിത്ര പുരുഷനായി മാറാനും അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ നേതൃപാടവം ഒരു വലിയ മുതൽക്കൂട്ടാണ്. കാശ്മീരിനെ ഈ കുഴപ്പം പിടിച്ച അവസ്ഥയിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹവുമായി കൈകോർത്ത് പ്രവർത്തിക്കും. ഇതൊക്കെയാണെങ്കിലും എന്നെ സംബന്ധിച്ച് ഇന്ത്യ എന്നാൽ ഇന്ദിരയാണ്. ഞാൻ വളർന്നുവരുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരയായിരുന്നു. ചിലർക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ. ആ ഇന്ത്യ കാശ്മീരിന്റെ വേദനയിൽ സങ്കടപ്പെടുന്നതും എനിക്ക് കാണേണ്ടി വന്നു. ഇന്ത്യയിൽ ഒരു മിനി ഇന്ത്യ തന്നെയാണ് കാശ്മീർ.” അവർ വ്യക്തമാക്കി. കാശ്മീരും ശേഷിക്കുന്ന ഇന്ത്യയും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്ന രീതിയിൽ നടക്കുന്ന ടെലിവിഷൻ ചർച്ചകളെയും അവർ വിമർശിച്ചു. താൻ കണ്ടതും ഇപ്പോഴത്തെ ഇന്ത്യയും ഒന്നുമല്ല ടി.വി അവതാരകർ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യെന്നും അവർ പറഞ്ഞു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളയാൻ ആർ.എസ്.എസ് കേന്ദ്രത്തിന് മേൽ സമ്മർദ്ദം തുടരുന്നുണ്ട്. വിഷയത്തിൽ 2014 ൽ ഒരു സന്നദ്ധ സംഘടന നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

