മുംബൈയില്‍ കെട്ടിടം തകർന്ന് 17 മരണം : ശിവസേന നേതാവ് അറസ്റ്റിൽ
മുംബൈ : ഗാഡ്കോപ്പറില്‍ നാലുനില കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരിൽ ആറു സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും ശിവസേന നേതാവുമായ സുനിൽ സിതാപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപകടസ്ഥലം നേരിട്ട് സന്ദർശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവിടെ പ്രവർത്തിക്കുന്ന നഴ്സിങ് ഹോമിൽ അറ്റകുറ്റപണികൾ നടക്കുന്നുണ്ടായിരുന്നു. അനധികൃതമായാണ് അറ്റകുറ്റപണികൾ നടന്നത് എന്ന് പൊലീസ് പറയുന്നു. ഇതിനെതിരെ തിങ്കളാഴ്ച രാത്രി നാട്ടുകാർ യോഗം ചേരുകയും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ദേശീയ ദുരന്തനിവാരണസേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 10.45നാണ് അപകടമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏതാണ്ട് പതിനഞ്ചിൽ കൂടുതൽ കുടുംബങ്ങൾ അപകടത്തിനിരയായി എന്നാണ് കരുതുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആരെങ്കിലും അകപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

