ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
ശാരിക
ഡല്‍ഹി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. തന്ത്രപരമായ അടവ് നയത്തിന്റെ (സ്ട്രാറ്റജിക് പോളിസി) ഭാഗമായി പോലും ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി യാതൊരു തരത്തിലുള്ള സഖ്യവും ഉണ്ടാക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരവാദത്തെ നയതന്ത്ര ആയുധമായി ഉപയോഗിക്കുന്നവർക്ക് അത് പിൽക്കാലത്ത് തിരിച്ചടിയാകുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പാകിസ്ഥാനുമായി വിവിധ രാജ്യങ്ങൾ സൈനിക സഖ്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ ഈ നിർണായക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തര ശ്രദ്ധ നൽകണമെന്നും സൈനിക നടപടികളിലൂടെയോ യുദ്ധത്തിലൂടെയോ മാത്രമായി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന 'ക്വാഡ്' (Quad) കൂട്ടായ്മയുടെ വിദേശകാര്യമന്ത്രിമാരുടെ യോഗവും ഇന്ന് അറ്റ്ലാന്റയിൽ നടക്കും. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സഹകരണവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
asdas

