എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം: അലീഗഢ് മുസ്‌ലിം സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ശാരിക
അലീഗഢ്: നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പിനും വിദ്യാർഥികളുടെ ശക്തമായ പ്രക്ഷോഭങ്ങൾക്കും ഒടുവിൽ അലീഗഢ് മുസ്‌ലിം സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2026 നവംബർ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ പ്രൊഫസർ ജാവേദ് താലിബ് ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, യൂണിവേഴ്‌സിറ്റിയുടെ പുതിയ പ്രോക്ടറായി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പ്രൊഫസർ മൊഹമ്മദ് നഫീസ് അഹമ്മദ് അൻസാരിയെ രണ്ടു വർഷത്തേക്ക് നിയമിക്കുകയും ചെയ്തു. മുൻ പ്രോക്ടർ പ്രൊഫസർ മുഹമ്മദ് നവേദ് ഖാന് പകരമാണ് ഈ നിയമനം.
2018-19 അക്കാദമിക് വർഷത്തിന് ശേഷം ക്യാമ്പസിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. യൂണിയൻ തെരഞ്ഞെടുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ രണ്ടാഴ്ചയിലധികമായി നിരാഹാര സമരവും ക്യാമ്പസ് ഉപരോധവും അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു. വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് യൂണിവേഴ്‌സിറ്റി അധികൃതർ തെരഞ്ഞെടുപ്പ് സമയക്രമം പുറപ്പെടുവിക്കാൻ തയ്യാറായത്.
വോട്ടർ പട്ടിക ഒക്ടോബർ 26-നും നാമനിർദ്ദേശ പത്രിക സമർപ്പണം ഒക്ടോബർ 29-നും നടക്കും. തുടർന്ന് നവംബർ 5-ന് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വോട്ടിങ്ങും അന്ന് രാത്രി 7 മണി മുതൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
sdfsf

