വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് നാല് രാജ്യങ്ങൾ; ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിങ് താഴ്ന്നു
ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് നൽകിയിരുന്ന വിസ രഹിത പ്രവേശനവും ഓൺ-അറൈവൽ വിസ സൗകര്യവും നാല് വിദേശ രാജ്യങ്ങൾ നിർത്തലാക്കി. ഇറാൻ, ബൊളീവിയ, കേപ് വെർഡെ ദ്വീപുകൾ, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങൾ പരിഷ്കരിച്ച് ചട്ടങ്ങൾ കർശനമാക്കിയത്. ഇനി മുതൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻകൂട്ടിയുള്ള അനുമതിയോ ഇ-വിസയോ നിർബന്ധമാണ്.
പുതിയ നയമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള പാസ്‌പോർട്ട് സൂചികയായ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിങ് 75-ൽ നിന്ന് 81-ലേക്ക് താഴ്ന്നു. ഇതോടെ മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 55 ആയി ചുരുങ്ങി.
സാധാരണ പാസ്‌പോർട്ട് ഉടമകൾക്കായി ഏർപ്പെടുത്തിയിരുന്ന വിസ ഒഴിവാക്കൽ ആനുകൂല്യം ഇറാൻ പൂർണ്ണമായും നിർത്തിവെച്ചു. ബൊളീവിയയിൽ വിമാനത്താവളങ്ങളിൽ നൽകിയിരുന്ന ഓൺ-അറൈവൽ വിസ സൗകര്യം അവസാനിപ്പിച്ച്, പകരം യാത്രയ്ക്ക് മുൻപ് ഓൺലൈൻ വഴി ഇ-വിസ നേടേണ്ട സംവിധാനം നടപ്പിലാക്കി. കേപ് വെർഡെ ദ്വീപുകളും ഓൺ-അറൈവൽ വിസ സംവിധാനം നിർത്തലാക്കിയിട്ടുണ്ട്. കൃത്യമായ വിസയില്ലാതെ എത്തുന്നവർക്ക് ഇനി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. നിക്കരാഗ്വ ഇന്ത്യക്കാരെ 'കാറ്റഗറി സി' വിഭാഗത്തിലേക്ക് മാറ്റിയതോടെ, യാത്ര തിരിക്കുന്നതിന് മുൻപ് അവരുടെ ഇമിഗ്രേഷൻ അതോറിറ്റിയുടെ പ്രത്യേക മുൻകൂർ അനുമതി പത്രം വാങ്ങേണ്ടതുണ്ട്.
വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നോ നിലവിലെ വിസ നിബന്ധനകൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
asasdas

