മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്


ഷീബ വിജയൻ

സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പറയാന്‍ വീണയെ നിർബന്ധിച്ചുവെന്നും തന്റെ സുഹൃത്ത് വാരീസിനെ ഇഡി ഭീഷണിപ്പെടുത്തിയതായും മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പിണറായി വിജയന്റെ ഇടപാടെന്ന് പറയാനാണ് ഇഡി വാരീസിനോട് ആവശ്യപ്പെട്ടതെന്നും, അതിന് കഴിയില്ലെന്ന് പറഞ്ഞതോടെ വീണയുടെ ഇടപാടാണെന്ന് പറയാൻ ഭീഷണിപ്പെടുത്തിയെന്നും റിയാസ് ആരോപിച്ചു. ഇല്ലെങ്കിൽ വാരീസിന്റെ 22കാരിയായ മകളെ ഹവാലക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തന്റെ പേരുള്ള ഇഡിയുടെ പേപ്പറില്‍ വാരീസ് ഒപ്പിട്ടു നൽകിയതെന്നും റിയാസ് കൂട്ടിച്ചേർത്തു.

സിഎംആര്‍എല്‍- എക്‌സാലോജിക്കില്‍ സേവനം ചെയ്തതിന്റെ ഭാഗമായാണ് വീണ അക്കൗണ്ട് വഴി പണം വാങ്ങിയതെന്നും, അടയ്‌ക്കേണ്ട എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാന്‍ ചിലർ ശ്രമിക്കുകയാണ്. സേവനം നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ മൊഴി കൊടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നാണ് തന്റെ അഭിപ്രായമെന്നും റിയാസ് പറഞ്ഞു. വീണ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നുവെന്ന് ചോദിക്കുന്നവർ മനസ്സിലാക്കേണ്ടത്, ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഭരണഘടനാപരമായ അവകാശമുണ്ടെന്നാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവർക്ക് പ്രതികരിക്കാം അല്ലെങ്കിൽ മൗനം പാലിക്കാം.

മെയ് 27ന് നടന്ന് റെയ്ഡിനുശേഷം പതിനെട്ടാം തീയതിയാണ് സുഹൃത്തായ വാരീസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വന്തം മകളെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് വാരീസ് തന്റെ പേര് പറയാൻ നിർബന്ധിതനായത്. അതിനുശേഷം മാനസികമായി തകർന്ന വാരീസ്, റിയാസിന്റെ പേര് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് വ്യക്തമാക്കി ഇഡിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് ഇഡിയെ പേടിയുണ്ടാകാമെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്ക് പേടിയില്ലെന്നും സത്യം ജയിക്കുമെന്നും റിയാസ് പറഞ്ഞു. ഈ വേട്ടയാടലിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അവസാനശ്വാസം വരെ മതനിരപേക്ഷതയ്ക്കായി പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

article-image

dsdsdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed