നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കസ്റ്റഡി അപേക്ഷ നൽകാൻ ക്രൈംബ്രാഞ്ച്
ഷീബ വിജയൻ
കണ്ണൂർ: അഞ്ചാറക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ മുൻ വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 27-ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. അന്നേദിവസം തന്നെ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ നൽകും.
ഡിവൈഎസ്പി ജീവൻ ജോർജിന്റെ നേതൃത്വത്തിലും മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിലുമാണ് പുതിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം. ഡോ. റാമിനെ ചോദ്യം ചെയ്യുന്നതിനൊപ്പം കണ്ണൂർ ഡെന്റൽ കോളേജിലും സംഭവസ്ഥലങ്ങളിലും തെളിവെടുപ്പ് നടത്താനും നിതിൻ രാജിന്റെ മാതാപിതാക്കളുടെയും സാക്ഷികളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്താനും പദ്ധതിയുണ്ട്.
ജാതി അധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് ഡോ. റാമിനെതിരെ ആത്മഹത്യാ പ്രേരണയടക്കമുള്ള വകുപ്പുകളും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കർണാടകയിലെ കുടകിൽ നിന്ന് ഡോ. റാമിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അറസ്റ്റ് നടപടികളിലെ വീഴ്ച കാരണം കോടതി വിട്ടയച്ചിരുന്നു. പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചത്. പഴയ അന്വേഷണ രേഖകൾ വീണ്ടും പരിശോധിച്ചുവരികയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
dffgfddf

