ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിന് ഇന്ത്യയിൽ അംഗീകാരം; ചരിത്രപരമായ നേട്ടമെന്ന് വിലയിരുത്തൽ
ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യയിൽ ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിനായ 'QDENGA' യ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. ജാപ്പനീസ് മരുന്നുകമ്പനിയായ ടാകെഡ വികസിപ്പിച്ച ഈ വാക്സിൻ, 4 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഉപയോഗിക്കാം. രാജ്യത്ത് ഡെങ്കിപ്പനി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇത് വലിയ പ്രതിരോധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഡെങ്കിപ്പനി ബാധയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 28,000 പേരിലധികം നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ വാക്സിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്. ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകൾക്കുമെതിരെ ഇത് സംരക്ഷണം നൽകും. 0.5 മില്ലി വീതമുള്ള രണ്ട് ഡോസുകൾ മൂന്നുമാസത്തെ ഇടവേളയിൽ ചർമ്മത്തിനടിയിലാണ് നൽകുന്നത്.
ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി, കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അപകടകരമാണ്. പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, കണ്ണുകൾക്ക് പിന്നിലെ വേദന, പേശി-സന്ധി വേദനകൾ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർച്ചയായ ഛർദി, വയറുവേദന, രക്തസ്രാവം, ശ്വാസംമുട്ടൽ എന്നിവ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടേണ്ടതുണ്ട്. ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുന്നതും ഡ്രൈഡേ ആചരിക്കുന്നതും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.
dsfdsfdsdfs

