അഖിലേഷ് യാദവിന്റെ മകൾക്കെതിരായ സൈബർ ആക്രമണം: അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്
ഷീബ വിജയൻ
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടന്ന അപകീർത്തികരമായ പരാമർശങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായി അപലപിച്ചു. ഒരു പെൺകുട്ടിയെയും ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അസംഘഢിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയാണ് യുപി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കുറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സൈബർ സെൽ ഇതിനകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകൾ മകൾ തന്നെയാണ് എന്നും, ഗ്രാമത്തിലെ പെൺകുട്ടി എല്ലാവരുടെയും മകളാണ് എന്ന സംസ്കാരത്തിലാണ് നമ്മൾ വളർന്നത് എന്നും പറഞ്ഞ അദ്ദേഹം, സ്ത്രീകളെ ഓൺലൈനായോ അല്ലാതെയോ ലക്ഷ്യമിടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുൻപ് സ്വന്തം പാർട്ടി പ്രവർത്തകരെയും അനുയായികളെയും മാന്യമായ ഭാഷ ഉപയോഗിക്കാൻ അഖിലേഷ് യാദവ് പഠിപ്പിക്കണമെന്നും, അവർക്കത് മനസ്സിലാകുന്നില്ലെങ്കിൽ ഞങ്ങളെ ഏൽപ്പിക്കൂ, ഞങ്ങൾ അത് അവരെ ശരിയായി പഠിപ്പിച്ചോളാം എന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. അഖിലേഷ് യാദവിന്റെ മകൾ അദിതി യാദവിനെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചും വ്യാജമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഭാരത് കുമാർ പട്ടേൽ, നാഗേശ്വർ സിംഗ് ബാഗേൽ, വിനോദ് കുമാർ യാദവ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ASASAS

