റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മേയ് മാസത്തിൽ 21% വർധനവ്
ഷീബ വിജയൻ
സെന്റർ ഫോർ റിサーチ ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മേയ് മാസത്തിൽ റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിയ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങൽ വൻതോതിൽ വർധിപ്പിച്ചതോടെ ഏകദേശം 5.8 ബില്യൺ യൂറോ (6.7 ബില്യൺ ഡോളർ) മൂല്യമുള്ള റഷ്യൻ ഹൈഡ്രോകാർബണുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മേയ് മാസത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 83 ശതമാനവും ക്രൂഡ് ഓയിൽ ആയിരുന്നു.
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിലുണ്ടായ 21 ശതമാനം വർധനവിന്റെ ഫലമായി മേയ് മാസത്തിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി മുൻ മാസത്തെ അപേക്ഷിച്ച് 8 ശതമാനം വർധിച്ചു. ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിൽ എത്തിയ എണ്ണയുടെ അളവ് ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 36 ശതമാനം വർധിച്ചപ്പോൾ, ജാംനഗർ റിഫൈനിങ് കോംപ്ലക്സിലേക്കുള്ള വരവ് 14 ശതമാനം വർധിച്ചു. ഇതിനുപുറമെ, മുൻപ് ഇറക്കുമതി നിർത്തിവെച്ചിരുന്ന ന്യൂ മംഗലാപുരം, വിശാഖപട്ടണം റിഫൈനറികളും പൊതുമേഖലാ റിഫൈനറികളും റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും വിപുലീകരിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും പാശ്ചാത്യ ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും വിലക്കിഴിവിലുള്ള റഷ്യൻ എണ്ണ ഇന്ത്യൻ റിഫൈനറികൾക്ക് ഇപ്പോഴും ലാഭകരമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം, റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിച്ച് നിർമിക്കുന്ന എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ നിരോധനം കഴിഞ്ഞ ജനുവരിയിൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും റഷ്യൻ ക്രൂഡ് പ്രോസസ് ചെയ്യുന്ന ഇന്ത്യ, തുർക്കി, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലെ റിഫൈനറികൾ വഴി മേയ് മാസത്തിലും ദശലക്ഷക്കണക്കിന് യൂറോയുടെ എണ്ണ ഉൽപ്പന്നങ്ങൾ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് തന്നെ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
asASASSAADSDSF

