അണ്ണാ ഡിഎംകെയ്ക്ക് പുതിയ വെല്ലുവിളി; നടി ഗൗതമിയും പാർട്ടി വിട്ടു
ഷീബ വിജയൻ
ന്യൂഡൽഹി: നടിയും എഐഡിഎംകെ ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയുമായ ഗൗതമി പാർട്ടിയിൽ നിന്നും രാജിവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക് എഐഡിഎംകെയിൽ നിന്നും മുതിർന്ന നേതാക്കളുൾപ്പെടെ വൻതോതിൽ കൂറുമാറുന്ന സാഹചര്യത്തിലാണ് ഗൗതമിയുടെയും അപ്രതീക്ഷിത പടിയിറക്കം. കഴിഞ്ഞദിവസം മാത്രം മുൻ വനം മന്ത്രി കെ.ടി പച്ചൈമാൽ, മുൻ തിരുനെൽവേലി മേയർ ഇ. ഭുവനേശ്വരി, മുൻ എംപിമാരായ ആർ. വനറോജ, എൻ. ബാലഗംഗ, എ. ഇളവരശൻ, മുൻ എംഎൽഎമാരായ എസ്. രവി, എസ്. മുരുകേശൻ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കളാണ് വിജയിന്റെ പാർട്ടിയിൽ ചേർന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് പാർട്ടി വിട്ടതെന്നാണ് ഗൗതമിയുടെ പ്രതികരണം. നേരത്തെ ബിജെപിയിൽ ആയിരുന്ന ഗൗതമി ദീർഘകാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ചാണ് 2024-ൽ എഐഡിഎംകെയിൽ ചേർന്നത്. എടപ്പാടി പളനിസാമിയിൽ നിന്നായിരുന്നു അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജപാളയം മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതും പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ല എന്നതുമുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഗൗതമി അന്ന് ബിജെപി വിട്ടത്. ഗൗതമിയുടെ പണം തട്ടിയെടുത്ത സി. അഴകപ്പൻ എന്നയാളെ പാർട്ടി സംരക്ഷിച്ചതും ബിജെപി വിടാനുള്ള പ്രധാന കാരണമായിരുന്നു. എന്നാൽ എഐഡിഎംകെയിൽ എത്തിയിട്ടും രാജപാളയത്തിൽ മത്സരിക്കാൻ ഗൗതമിക്ക് അവസരം ലഭിച്ചിരുന്നില്ല. എങ്കിലും അവർ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പാർട്ടിയുടെ പ്രധാന നേതാക്കൾ ഒന്നടങ്കം രാജിവെക്കുന്നത് എഐഡിഎംകെയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ddadsadsdx

