ഒന്നാം ലോകമഹായുദ്ധത്തേക്കാൾ നീണ്ട പോരാട്ടം; 1,569 ദിവസങ്ങൾ പിന്നിട്ട് റഷ്യ-യുക്രെയ്ൻ യുദ്ധം
ഷീബ വിജയൻ
ക്രൂരമായ ആക്രമണങ്ങളും വൻതോതിലുള്ള നാശനഷ്ടങ്ങളും കാരണം യുക്രെയ്നിലെ യുദ്ധം പലപ്പോഴും ഒന്നാം ലോകമഹായുദ്ധവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. നീണ്ടതും രക്തരൂക്ഷിതവുമായ ഒന്നാംലോക യുദ്ധത്തെ മറികടക്കുന്ന മറ്റൊരു പോരാട്ടം ഇനി ഉണ്ടാകില്ലെന്ന് കരുതിയിരുന്നെങ്കിലും 1,569 ദിവസങ്ങൾ പിന്നിട്ടതോടെ യുക്രെയ്ൻ യുദ്ധത്തിന്റെ ദൈർഘ്യം ഇപ്പോൾ ഒന്നാം ലോകമഹായുദ്ധത്തെ മറികടന്നിരിക്കുകയാണ്. 2022 ഫെബ്രുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തന്റെ സൈന്യത്തെ യുക്രെയ്നിലേക്ക് അയക്കുമ്പോൾ ഏതാനും ദിവസങ്ങൾക്കകം അവിടുത്തെ സർക്കാർ വീഴുമെന്നാണ് കരുതിയിരുന്നത്. എന്നാൽ യുക്രെയ്ൻ ശക്തമായി തിരിച്ചടിക്കുകയും സംഘട്ടനം വൻ നാശനഷ്ടങ്ങളോടെ നീണ്ടുപോവുകയുമായിരുന്നു.
യുദ്ധം തുടരുകയും സമാധാന ചർച്ചകൾ സ്തംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത് ഉടനെങ്ങും അവസാനിക്കുന്ന ലക്ഷണവുമില്ല. അടുത്ത വർഷത്തിന് മുമ്പ് യുദ്ധം അവസാനിക്കില്ലെന്ന് പകുതിയോളം യുക്രെയ്നികൾ വിശ്വസിക്കുന്നതായാണ് സർവേകൾ സൂചിപ്പിക്കുന്നത്. ഇത് യുദ്ധത്തെ ആറ് വർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ദൈർഘ്യത്തിലേക്ക് അടുപ്പിക്കും. എങ്കിലും രണ്ട് ലോകമഹായുദ്ധങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. അക്കാലത്തെ യുദ്ധങ്ങളുടെ ആഗോള സ്വഭാവം, ഒന്നിലധികം യുദ്ധക്കളങ്ങൾ, വൻ സൈന്യങ്ങൾ എന്നിവ കാരണം നാശനഷ്ടങ്ങളുടെ കാര്യത്തിൽ ഒരു താരതമ്യം നടത്തുക ബുദ്ധിമുട്ടാണ്.
രണ്ട് യുദ്ധങ്ങളും സൈനിക സഖ്യങ്ങളെ പുനഃക്രമീകരിക്കുകയും യൂറോപ്പിന്റെ ഭൗമരാഷ്ട്രീയത്തെ മാറ്റിമറിക്കുകയും ചെയ്തു. പുതിയ സാങ്കേതികവിദ്യകളുടെ വരവിലൂടെ രണ്ട് യുദ്ധങ്ങളും യുദ്ധമുറകളുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു. ഒരു നൂറ്റാണ്ട് മുമ്പ് വിമാനങ്ങളും ടാങ്കുകളുമായിരുന്നെങ്കിൽ ഇന്ന് ആകാശത്തും കടലിലും കരയിലും ഡ്രോണുകളാണ് പ്രധാന ആയുധം. രണ്ട് സന്ദർഭങ്ങളിലും ആക്രമണകാരികൾ തങ്ങളുടെ ലക്ഷ്യത്തിനടുത്ത് എത്തിയെങ്കിലും ഒടുവിൽ അവർക്ക് പിന്തിരിയേണ്ടി വന്നു. അവസാനം രണ്ട് യുദ്ധങ്ങളും വലിയ മാറ്റങ്ങളില്ലാത്ത ഒരു നിശ്ചലാവസ്ഥയിലേക്ക് നീങ്ങി.
യുക്രെയ്നിൽ ഡ്രോണുകൾ എന്ന പുതിയ വിഭാഗം ആയുധങ്ങളുടെ വരവോടെ പഴയ കണക്കുകൂട്ടലുകൾ മാറി. ഡ്രോണുകൾ 24 മണിക്കൂറും യുദ്ധക്കളം നിരീക്ഷിക്കുകയും പീരങ്കി ഷെല്ലുകളേക്കാൾ കൃത്യതയോടെ ആക്രമിക്കുകയും ചെയ്തതോടെ തുറന്ന കിടങ്ങുകളുടെ ശൃംഖലകൾ സുരക്ഷിതമല്ലാതായി മാറി. വലിയ കിടങ്ങ് സംവിധാനങ്ങൾക്ക് പകരം ഏതാനും സൈനികർക്ക് മാത്രം ഇരിക്കാനാകുന്ന ബങ്കറുകളിലാണ് സൈന്യം ഇപ്പോൾ അഭയം പ്രാപിക്കുന്നത്. ഡ്രോണുകളുടെ നിരന്തരമായ നിരീക്ഷണം കാരണം ഒരു നൂറ്റാണ്ട് മുമ്പ് കണ്ടതുപോലുള്ള വൻതോതിലുള്ള സൈനിക മുന്നേറ്റങ്ങൾ ഇപ്പോൾ അസാധ്യമായി തീർന്നിരിക്കുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ ഏകദേശം 9 മുതൽ 11 ദശലക്ഷം സൈനികർ മരിച്ചപ്പോൾ യുക്രെയ്നിൽ ഇതുവരെ മരിച്ചത് അഞ്ച് ലക്ഷത്തോളം പേരാണ്.
dsdfdseds

