അസമിൽ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു വീണു; അഞ്ച് സൈനികർക്ക് വീരമൃത്യു
ശാരിക l ദേശീയം
ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു വീണ് അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ലാന്റിങിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിച്ചു. റൗരിയ വ്യോമതാവളത്തിനുള്ളിൽ വെച്ചുതന്നെയാണ് വിമാനം തകർന്നുവീണത്. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേനയുടെ ഗതാഗത വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനമാണ് ആന്റനോവ് എ.എൻ-32. മുൻ സോവിയറ്റ് യൂണിയനിൽ ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങൾക്കായി നിർമിച്ചതാണ് ഈ ഇരട്ട എൻജിൻ വിമാനം. വ്യോമസേനയുടെ പക്കൽ ഇത്തരം നൂറോളം വിമാനങ്ങൾ നിലവിലുണ്ട്. ഉയർന്ന മലനിരകളിലും കഠിനമായ കാലാവസ്ഥയിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഇവ, അതിർത്തികളിലെ ഉൾപ്രദേശങ്ങളിലേക്ക് സാധനങ്ങളും സൈനികരെയും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ്. ഏകദേശം 7.5 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് 50 യാത്രക്കാരെയോ 42 പാരാട്രൂപ്പർമാരെയോ കൊണ്ടുപോകാൻ സാധിക്കും.
മാസങ്ങൾക്കുള്ളിൽ അസമിൽ നടക്കുന്ന രണ്ടാമത്തെ വലിയ വ്യോമ അപകടമാണിത്. മുമ്പ് ജോർഹട്ടിന് സമീപമുള്ള കർബി ആങ്ലോംഗ് ജില്ലയിൽ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചിരുന്നു. മാർച്ച് അഞ്ചിന് ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കാണാതാവുകയും പിന്നീട് കർബി ആങ്ലോംഗിലെ ഉൾപ്രദേശത്ത് തകർന്നു വീണതായി കണ്ടെത്തുകയുമായിരുന്നു. ജോർഹട്ട് വ്യോമതാവളത്തിൽ വീണ്ടും വിമാനാപകടം ഉണ്ടായത് സേനയിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
േ്േ്ി

