ജൂൺ മാസത്തെ ഉയർന്ന വൈദ്യുതി ബിൽ: വിശദീകരണം ആവശ്യപ്പെട്ട് മുൻസിപ്പൽ കൗൺസിലർ
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ വൈദ്യുതി ബില്ലിൽ പെട്ടെന്നുണ്ടായ ഭീമമായ വർദ്ധനവിനെക്കുറിച്ച് ഉചിതമായ വിശദീകരണം നൽകണമെന്ന് നോർത്തേൺ മുൻസിപ്പൽ കൗൺസിലർ അധികാരികളോട് ആവശ്യപ്പെട്ടു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ബിൽ തുകയിൽ വലിയ വ്യത്യാസമുണ്ടായതായി കാണിച്ച് നിരവധി നിവാസികളാണ് പരാതിയുമായി രംഗത്തെത്തിയത്.
വൈദ്യുതി ഉപയോഗത്തിൽ മാറ്റമൊന്നുമില്ലാതിരുന്നിട്ടും തങ്ങളുടെ പ്രതിമാസ ബിൽ തുക ഇരട്ടിയിലധികമായി വർദ്ധിച്ചതായി നിരവധി കുടുംബങ്ങൾ അറിയിച്ചതായി കൗൺസിലർ മുഹമ്മദ് സാദ് അൽ ദോസരി പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത് 70 ദിനാർ മുതൽ 90 ദിനാർ വരെ ബിൽ ലഭിച്ചിരുന്ന പല കുടുംബങ്ങൾക്കും ഈ ജൂണിൽ 200 ദിനാറിന് അടുത്താണ് ബിൽ തുക വന്നിരിക്കുന്നത്. ഇത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് ഒന്നോ രണ്ടോ വീടുകളിലെ മാത്രം പ്രശ്നമല്ലെന്നും മേഖലയിലെ ഒട്ടനവധി കുടുംബങ്ങളെ ബാധിച്ച വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിംഗ് രീതിയിലെ കൃത്യതയെക്കുറിച്ച് ജനങ്ങളിൽ സംശയം ഉയരാൻ ഇത് കാരണമായിട്ടുണ്ട്. ബിൽ തുക വർദ്ധിച്ചതിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഔദ്യോഗികമായ വിശദീകരണം ലഭിക്കാതെ ഇതിൽ വ്യക്തത വരില്ലെന്ന് അൽ ദോസരി പറഞ്ഞു.
വൈദ്യുതി ബിൽ തുക കണക്കാക്കുന്ന രീതി, താരിഫുകളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യം, മീറ്റർ റീഡിംഗ് നടപടിക്രമങ്ങൾ, ബില്ലിംഗ് രീതികൾ എന്നിവയെക്കുറിച്ച് വ്യക്തത വരുത്താൻ ബന്ധപ്പെട്ട മന്ത്രാലയവും അധികാരികളും തയ്യാറാകണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.
sdfdsf

