പ്രസവിച്ച കുഞ്ഞിനെ പരിചരിക്കാതെ മരിക്കാൻ ഇടയാക്കി: ഏഷ്യൻ ദമ്പതികളുടെ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ആവശ്യമായ വൈദ്യസഹായം നൽകാൻ തയ്യാറാകാതെ മരിക്കാൻ ഇടയാക്കിയ കേസിൽ ഏഷ്യൻ ദമ്പതികൾക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ ഫസ്റ്റ് ഹൈ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ശരിവെച്ചു.
അധികൃതരെ അറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാൻ സഹായിച്ച അമ്മയുടെ കൂട്ടുകാരിക്ക് ലഭിച്ച ഒരു വർഷത്തെ തടവുശിക്ഷയും കോടതി ശരിവെച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് തങ്ങിയതിന് മൂന്ന് പ്രതികൾക്കും ഒരു മാസം വീതം അധിക തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം മൂവരെയും ബഹ്‌റൈനിൽ നിന്ന് നാടുകടത്തും.
2025 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിസ നിയമലംഘനം കാരണം ഗർഭകാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കിയ 35-കാരിയായ അമ്മ, താമസസ്ഥലത്ത് വെച്ചാണ് പ്രസവിച്ചത്. ആറോ ഏഴോ മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ച ശേഷം ഇവർ തന്നെ പൊക്കിൾക്കൊടി മുറിച്ചുമാറ്റുകയായിരുന്നു. മാസം തികയാതെയുണ്ടായ കുഞ്ഞായിരുന്നിട്ടും ഇവർ വൈദ്യസഹായം തേടിയില്ല.
പ്രസവസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നെങ്കിലും അടുത്ത ദിവസം ആരോഗ്യനില വഷളായി. കുഞ്ഞിന് അത്യാവശ്യമായിരുന്ന വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ മാതാപിതാക്കൾ തയ്യാറാകാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്.
കുഞ്ഞ് മരിച്ച വിവരം നിയമപരമായി അധികൃതരെ അറിയിക്കാൻ 35-കാരിയായ അമ്മയും 26-കാരനായ പിതാവും തയ്യാറായില്ല. തുടർന്ന് 39-കാരിയായ കൂട്ടുകാരിയുടെ സഹായത്തോടെ താമസസ്ഥലത്തിന് സമീപം കുഞ്ഞിനെ അടക്കം ചെയ്യുകയായിരുന്നു.
കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും ആവശ്യമായ ചികിത്സ നൽകുന്നതിലും വീഴ്ച വരുത്തി മരണത്തിലേക്ക് തള്ളിയിട്ടതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തത്. അധികൃതരെ അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ച കുറ്റത്തിന് അമ്മയ്ക്കും കൂട്ടുകാരിക്കും തടവുശിക്ഷ ലഭിച്ചപ്പോൾ ഇതിന് കൂട്ടുനിന്നതിനാണ് പിതാവ് കുറ്റക്കാരനായത്. ശിക്ഷ അനുഭവിച്ച ശേഷം മൂവരെയും നാടുകടത്താൻ കോടതി ഉത്തരവിട്ടു.
sdfsdf

