റീലുകൾ അറപ്പുളവാക്കുന്നു'; വിദ്യാർഥി പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണൗട്ട്
ഷീബ വിജയൻ
ന്യൂഡൽഹി: ജന്തർ മന്തറിലെ ക്രോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച റീലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ 'ജനറേഷൻ ഗട്ടർ' (സംസ്കാരശൂന്യമായ തലമുറ) എന്നായിരുന്നു താരം വിശേഷിപ്പിച്ചത്. ഇവരുടെ റീലുകൾ അറപ്പുളവാക്കുന്നതാണെന്നും ഛർദിക്കാൻ തോന്നിയെന്നുമായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.
ഇവർ ഉത്തരവാദിത്തമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുന്നവരാണ്, മയക്കുമരുന്ന് ഉപയോഗിക്കാനും മദ്യപിക്കാനും പങ്കാളികളെ മാറ്റാനുമുള്ള സ്വാതന്ത്ര്യം അഭിമാനത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നവരുമാണെന്നും പങ്കുവെച്ച റീലുകളിലെ ഓരോ ഫ്രെയിമും കാണുമ്പോൾ അലോസരപ്പെടുത്തുന്നുവെന്നുമായിരുന്നു താരത്തിന്റെ അധിക്ഷേപം.
എന്റെ ജീവിതത്തിൽ ഇത്രയും അരോചകമായ രംഗങ്ങൾ ഒരിടത്തും കണ്ടിട്ടില്ലെന്നും പ്രക്ഷോഭകാരികൾ സ്വന്തമായി സമ്പാദിക്കാത്തവരാണെന്നും താരം പറയുന്നു. സ്വതന്ത്രരായ സ്ത്രീകൾ ധീരമായ തീരുമാനങ്ങളും അഭിപ്രായങ്ങളും തുറന്നുപറയുകയും സ്വന്തം ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ്. അല്ലാതെ മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ ചെലവിൽ കഴിയുന്നവരല്ല. മയക്കുമരുന്ന് ഉപയോഗിക്കാനും മദ്യപിക്കാനും സ്വതന്ത്രമായി നടക്കാനുമുള്ള അവകാശം കാണിക്കുമ്പോഴും മാതാപിതാക്കളുടെ പണത്തിലാണ് ഇവർ കഴിയുന്നത്. സ്വതന്ത്ര ജീവിതം നമ്മൾ സ്വയം സമ്പാദിക്കേണ്ടതാണ് എന്നുമായിരുന്നു കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. അധിക്ഷേപത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്.

