സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്: തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ബുധനാഴ്ച പുലർച്ചെ 05.30 വരെയും കന്യാകുമാരി തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ ചെറു വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പൂർണമായും ഒഴിവാക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി നിരോധിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിത അകലത്തിൽ കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്.
qwadsas

