ഡൽഹിയിൽ എസി പൊട്ടിത്തെറിച്ച് തീപിടിത്തം: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ശാരിക l ദേശീയം
ന്യൂഡൽഹി: എയർ കണ്ടീഷണർ (എസി) പൊട്ടിത്തെറിച്ചുണ്ടായ കടുത്ത തീപിടിത്തത്തിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) പ്രഥമ ചെയർമാനുമായ ധനേന്ദ്ര കുമാർ (80) അന്തരിച്ചു. ഡൽഹിയിലെ ഹൗസ് ഖാസിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് ദാരുണമായ ഈ അപകടമുണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ മകൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടസമയത്ത് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ ഈ വീട്ടിൽ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഉടനടി സ്ഥലത്തെത്തി വീടിനുള്ളിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെടുക്കുകയും തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തുടർന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥനെയും മകനെയും അടുത്തുള്ള ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റിയെങ്കിലും, അപകടത്തിനിടെ അമിതമായി പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ ധനേന്ദ്ര കുമാർ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായാണ് ഒടുവിലായി ലഭിക്കുന്ന വിവരം.
വീട്ടിൽ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണറിന്റെ ഇൻഡോർ യൂണിറ്റ് പെട്ടെന്ന് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ശക്തമായ തീപിടിത്തത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.
sdfsdf

