വിജയ് തമിഴ്‌നാട് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; പതിനേഴാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം


ശാരിക l ദേശീയം ചെന്നൈ: തമിഴ്‌നാട് നിയമസഭാംഗമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്‌തു. പ്രോടേം സ്പീക്കർ എം.വി. കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനേഴാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് ചെന്നൈയിൽ ആരംഭിച്ചത്. രാവിലെ 9.30ന് ആരംഭിച്ച സഭാ നടപടികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയായിരുന്നു പ്രധാന അജണ്ട. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്നുള്ള 99 പേർ ആദ്യമായാണ് ഇന്ന് നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ചൊവ്വാഴ്ചയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ശോലവന്തൻ മണ്ഡലത്തിലെ ടിവികെ എംഎൽഎയായ എം.വി. കറുപ്പയ്യയെ ഞായറാഴ്ച പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. അതേസമയം, ഉദയനിധി സ്റ്റാലിനും ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖ ഡിഎംകെ നേതാക്കൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഉദയനിധി സ്റ്റാലിനാണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവ്. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ അധികാരമേറ്റെടുത്തത്. അറുപതു വർഷത്തിന് ശേഷമാണ് ദ്രാവിഡ പാർട്ടിയല്ലാത്ത ഒരു പാർട്ടി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‌ക്ക് പുറമെ ഒമ്പത് മന്ത്രിമാരും നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകൾ വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ടിവികെ ജനറൽ സെക്രട്ടറിമാരായ എൻ. ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ, ടിവികെ ചീഫ് കോ-ഓർഡിനേറ്റർ കെ.എ. സെങ്കോട്ടയ്യൻ, ട്രഷറർ പി. വെങ്കട്ടരമണൻ, ഈറോഡ് എംഎൽഎ രാജ്‌മോഹൻ, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎൽഎ എസ്. കീർത്തന എന്നിവരാണ് വിജയ്‌ക്കൊപ്പം മന്ത്രിസഭയിലുള്ളത്.

article-image
.

You might also like

  • Lulu Exchange
  • Straight Forward

Most Viewed