കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്; മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി
ശാരിക l ദേശീയം
ന്യൂഡൽഹി: കെപിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ, മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് ഈ പദവിക്ക് അർഹതയുണ്ടെന്ന് കൊടിക്കുന്നിൽ ഖർഗെയെ അറിയിച്ചു. അർഹമായ പല അവസരങ്ങളിലും തന്നെ മാറ്റിനിർത്തിയതായും സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വലിയ വിജയത്തിൽ തന്റെ പങ്ക് വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല ഘട്ടങ്ങളിൽ കെപിസിസി പുനഃസംഘടന നടന്നപ്പോഴും തന്റെ പേര് പരിഗണനയിൽ വന്നിരുന്നെങ്കിലും അവസാനം തഴയപ്പെടുകയായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയെന്ന നിലയിലും ദീർഘകാലമായി പാർലമെന്റംഗം എന്ന നിലയിലുമുള്ള പ്രവർത്തനപരിചയം കണക്കിലെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിൽ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന സൂചനകൾക്കിടെയാണ് അധ്യക്ഷസ്ഥാനത്തിനായി കൊടിക്കുന്നിൽ അവകാശവാദം ശക്തമാക്കിയത്. അതേസമയം, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, കഴിഞ്ഞ തവണ ഇടതുപക്ഷം എടുത്ത അത്രയും സമയം തങ്ങൾ എടുക്കുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
.

