ഇതാണ് 'റിയൽ കേരള സ്റ്റോറി'; പൊങ്കാല ഭക്തർക്ക് വാതിൽ തുറന്ന് പാളയം ജുമാ മസ്ജിദും പള്ളിയും


ഷീബ വിജയൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് സാക്ഷ്യം വഹിക്കുന്ന അനന്തപുരിയിൽ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് പള്ളിയും. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തർക്കായി ആരാധനാലയങ്ങളുടെ വാതിലുകൾ തുറന്നിട്ട് വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജുമാ നമസ്‌കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നൽകിയ ആഹ്വാനം 'റിയൽ കേരള സ്റ്റോറി' എന്ന പേരിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

കടുത്ത ചൂടിനെ പ്രതിരോധിക്കാൻ മുൻ വർഷങ്ങളിൽ കമ്മ്യൂണിറ്റി ഹാളായിരുന്നു നൽകിയിരുന്നതെങ്കിൽ ഇത്തവണ മസ്ജിദ് അങ്കണത്തിൽ ഭക്തർക്കായി പ്രത്യേക പന്തൽ തന്നെ ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങൾ പള്ളിയിൽ ഒരുക്കി. കൂടാതെ ഭക്തർക്കായി കുടിവെള്ളം, ചായ, ലഘുഭക്ഷണം എന്നിവയ്ക്ക് പുറമെ നോമ്പ് കഞ്ഞിയും വിതരണം ചെയ്യുന്നുണ്ട്. 24 മണിക്കൂറും ശുദ്ധജല ലഭ്യതയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

തൊട്ടടുത്തുള്ള സെന്റ് ജോസഫ് പള്ളിയിലും കുടിവെള്ളം, വിശ്രമസൗകര്യം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പാളയത്തെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഭക്ഷണവും മറ്റു സേവനങ്ങളും ഏകോപിപ്പിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ സ്നേഹക്കൂട്ടായ്മയിലൂടെ കേരളത്തിന്റെ ഐക്യവും സൗഹൃദവും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ മാതൃകയാവുകയാണ്.

article-image

qwqwqe

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed