ഭീകരതയ്ക്കെതിരെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് എസ്. ജയശങ്കർ
ശാരിക / ചെന്നൈ
ഭീകരതയ്ക്കെതിരെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പാക്കിസ്ഥാൻ ഒരു മോശം അയൽക്കാരനാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രസ്താവിച്ചു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തങ്ങളുടെ സുരക്ഷയും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ധൂരിലൂടെ ഭീകരതയെ പ്രതിരോധിക്കാനും, ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിടാനും ഇന്ത്യയ്ക്ക് സാധിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നിർത്തിവച്ച 1960ലെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടിയെക്കുറിച്ചും ജയശങ്കർ സംസാരിച്ചു.
വർഷങ്ങൾക്കു മുൻപ് ജലം പങ്കിടൽ കരാറിൽ ഇന്ത്യ പങ്കാളികളായിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ഭീകരവാദം തുടരുന്നത് കാരണം നല്ല അയൽപ്പക്ക ബന്ധം നിലനിന്നിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽപ്പക്ക ബന്ധം ഇല്ലെങ്കിൽ അതിന്റെ ഗുണങ്ങളും ലഭിക്കില്ലെന്നും, അതേസമയം ഇന്ത്യ വിവിധ തരത്തിലുള്ള നിരവധി അയൽക്കാരാൽ സമ്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.