എസ്.ഐ.ആർ ബിഹാറിൽ വിജയം, ആരുടെയും അവകാശം നിഷേധിച്ചില്ല, വാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ; തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയിൽ
ഷീബ വിജയ൯
ന്യൂഡൽഹി: എസ്.ഐ.ആർ ബിഹാറിൽ വിജയകരമായി പൂർത്തിയാക്കിയതോടെ എതിർ വാദങ്ങൾ പൊള്ളയാണെന്ന് തെളിഞ്ഞതായി തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയിൽ പറഞ്ഞു. സമയം കൊടുത്തില്ല, തിടുക്കം കാട്ടി തുടങ്ങിയ കാര്യങ്ങൾ നിരത്തി എസ്.ഐ.ആറിനെ എതിർത്തവരുടെ അവകാശവാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ബിഹാറിലെ വിജയമെന്നാണ് തമിഴ്നാടും പശ്ചിമബംഗാളും നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. സാക്ഷരതാ നിരക്ക് വളരെക്കുറവായ സംസ്ഥാനം എന്ന നിലയിലും വെള്ളപ്പൊക്കത്തിൽ തകർന്നതിനാലും ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിച്ച് സുഗമമായി ഇവിടെ എസ്.ഐ.ആർ നടപ്പാക്കാൻ കഴിഞ്ഞതോടെ അവകാശനിഷേധം നടന്നു എന്ന വാദങ്ങൾ തെറ്റിദ്ധാരണയിൽ നിന്നും അടിസ്ഥാനരഹിതമായി ഉണ്ടായതാണെന്നും കമീഷൻ വാദിച്ചു. വോട്ടർമാർ 11 രേഖകൾ സൂക്ഷിക്കണമെന്ന് കമീഷൻ പറഞ്ഞിട്ടില്ലെന്നും അത്യാവശ്യമുള്ള രേഖകൾ ബി.എൽ.ഒമാർ വഴി ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും കമീഷൻ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാർ മരിച്ചുപോയതായും സ്ഥിരമായി ഒഴിഞ്ഞുപോയതായും അല്ലെങ്കിൽ ഒന്നിൽകൂടുതൽ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തി. ഇത്രയും പേരെ ഒഴിവാക്കിയിട്ടും 7.42 കോടി വോട്ടർമാരെ ബിഹാർ തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്താനായി. തങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് ഒരു വ്യക്തിപോലും പരാതി നൽകിയിട്ടില്ലാത്ത സ്ഥിതിക്ക് എസ്.ഐ.ആർ നടപടികൾ സത്യസന്ധമായാണ് നടന്നതെന്ന് തെളിയിക്കപ്പെടുന്നതായും കമീഷൻ സത്യവാങ്മൂലത്തിൽ പറയുന്നു. സി.പി.എം നേതാവ് പി. ഷൺമുഖത്തിൻ്റെ വാദം കക്ഷിരാഷ്ട്രീയ വാദത്തിലൂന്നി എസ്.ഐ.ആർ നടപടികളെ രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കമീഷൻ കോടതിയെ അറിയിച്ചു.
6897897878
