ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു


ഷീബ വിജയ൯

ന്യൂഡൽഹി: രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു.നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര്യകാന്തിന്‍റെ കാലാവധി. 2027 ഫെബ്രുവരി ഒമ്പത് വരെ സൂര്യകാന്ത് പദവിയിലുണ്ടാകും. രാജ്യത്തെ പരമോന്നത ജുഡീഷ്യൽ പദവി വഹിക്കുന്ന ആദ്യ ഹരിയാനക്കാരനാണ് അദ്ദേഹം.

1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലാണ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ സർക്കാർ കോളജിൽ നിന്ന് ബിരുദം നേടിയശേഷം നിയമപഠനത്തിന് പോയി. 1984ൽ രോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽനിന്ന് നിയമബിരുദം നേടി. തുടർന്ന്ഹിസാർ ജില്ലാകോടതിയിൽ അഭിഭാഷകനായി ജോലി തുടങ്ങി. 1985ൽ ഹരിയാന ഹൈകോടതിയിലേക്ക് മാറി. ഭരണഘടന, സർവീസ്, സിവിൽ വിഷയങ്ങളിൽ അവഗാഹം നേടി. 2000ത്തിൽ ഏറ്റവുംപ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 38 വയസേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. തൊട്ടടുത്ത വർഷം അദ്ദേഹം സീനിയർ അഡ്വക്കറ്റ് ആയി നിയമിച്ചു. 2004 ജനുവരിയിൽ ജസ്റ്റിസ് സൂര്യകാന്തിനെ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായി നിയമിച്ചു. 14 വർഷത്തിലേറെ കാലം അവിടെ സേവനമനുഷ്ഠിച്ചു.2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മേയിൽ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2024 നവംബർ മുതൽ സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. ഭരണഘടനാ നിയമം, മനുഷ്യാവകാശങ്ങൾ, ഭരണപരമായ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 1,000ത്തിലധികം വിധിന്യായങ്ങളുടെ ഭാഗമായി. 2023ൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ശരിവെച്ചതുൾപ്പെടെയുള്ള സുപ്രധാന വിധിന്യായങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്.

article-image

aSadsasd

You might also like

  • Straight Forward

Most Viewed