എസ്.ഐ.ആറിന് സ്റ്റേയില്ല; ഹരജികളിൽ 26-ന് വിശദമായി വാദം കേൾക്കും
ഷീബ വിജയ൯
ന്യൂഡൽഹി: സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷന് (എസ്.ഐ.ആർ) എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. ഹരജികൾ നവംബർ 26-ന് വീണ്ടും പരിഗണിക്കും. വിശദമായ വാദംകേട്ടതിന് ശേഷം സ്റ്റേ വേണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, കേരളത്തിൻ്റെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേകമായി കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഇന്ന് ഹരജികൾ പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഭിപ്രായം കൂടി കേട്ടശേഷം തീരുമാനമെടുക്കാമെന്നും കുറച്ച് ദിവസം കാത്തിരിക്കുവാനും സുപ്രീംകോടതി ഹരജിക്കാരോട് പറഞ്ഞു. നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയാണ് ഹരജികൾ പരിഗണിച്ചത്. കേരള സർക്കാറിനു പുറമെ, സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ സമർപ്പിച്ച ഹരജികളാണ് ഇന്ന് കോടതി പരിഗണിച്ചത്. കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം.
അതേസമയം സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കേരളത്തിൽ 99 ശതമാനം എസ്.ഐ.ആർ ഫോമുകളും ബി.എൽ.ഒമാർ വിതരണം ചെയ്തുകഴിഞ്ഞു. ഇത് തിരികെ വാങ്ങുന്നതാണ് ഇനിയുള്ള ജോലി. ഇതിനായി ബൂത്തുതലത്തിൽ ക്യാമ്പുകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
FFGGF
