ഡൽഹി സ്‌ഫോടനത്തിൽ നിർണായക വഴിത്തിരിവ്: കാറുടമ സൽമാനിൽ നിന്ന് വാഹനം വാങ്ങിയത് ദേവേന്ദ്ര; രണ്ടാളുകൾ കൈമാറി ഉമർ മുഹമ്മദിന് ലഭിച്ചു
ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനത്തിൽ നിർണായക വഴിത്തിരിവ്. കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന. ഫരീദാബാദ് കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. ബദർപൂർ ബോർഡർ വഴി ഇന്നലെ രാവിലെ 8:04 മണിക്കാണ് പൊട്ടിത്തെറിച്ച കാർ ഡൽഹിയിലേക്ക് കടന്നത്. ഇതുമായി ബന്ധപെട്ട് ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ഇന്ന് അടച്ചിടും. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗെയ്റ്റുകൾ തുറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് ഡിസിപി രാജ ബന്തിയ പറഞ്ഞു.
അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ എന്താണ് സ്ഫോടന കാരണമെന്ന് മനസിലാകു എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, ഡൽഹി സ്വദേശിയായ വസ്ത്രവ്യാപാരി അമർ കഠാരിയ, ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരിച്ച മറ്റുള്ളവര്‍ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 30ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
നി്ി്ി്േ
