ദുബായിൽ ആദ്യ 'വർക്ക് ഫ്രം പാർക്ക്' കേന്ദ്രം തുറന്നു; ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സൗജന്യമായി ജോലി ചെയ്യാം
ശാരിക
ദുബായ്: ദുബായിൽ ജോലിയും വിശ്രമവും ഒരേപോലെ സാധ്യമാക്കുന്ന ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' കേന്ദ്രം പ്രവർത്തനമാരംഭിച്ചു. അൽ ബർഷ പോണ്ട് പാർക്കിലാണ് തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഈ അത്യാധുനിക സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ ഡിജിറ്റൽ യുഗത്തിലെ ജോലി സംസ്കാരത്തിന് പുതിയൊരു ദിശാബോധം നൽകുകയാണ് ഈ സംരംഭം.
പാർക്കിലെ കെട്ടിടങ്ങളുടെ മുകൾഭാഗത്തും (റൂഫ് ടോപ്പുകൾ) തണൽ വിരിച്ച പെർഗോളകൾക്ക് കീഴിലുമുള്ള തുറസ്സായ സ്ഥലങ്ങളിലാണ് മനോഹരമായ ഔട്ട്ഡോർ വർക്കിംഗ് സ്പേസുകൾ ഒരുക്കിയിട്ടുള്ളത്. തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ഏരിയകളിൽ ജോലി ചെയ്യുന്നതിനായി മുൻകൂട്ടി ബുക്കിംഗുകൾ ഒന്നും തന്നെ ആവശ്യമില്ല. അതിവേഗ സൗജന്യ ഇന്റർനെറ്റ് കണക്ഷനും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന പ്രത്യേക ഫർണിച്ചറുകളും തണുപ്പ് നൽകുന്ന കൂളിംഗ് സംവിധാനങ്ങളും ഇവിടെ അധികൃതർ സ്ഥാപിക്കും.
കൂടുതൽ സവിശേഷ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി എയർകണ്ടീഷൻ ചെയ്ത ഇൻഡോർ വർക്ക്സ്പേസുകളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന ഇൻഡോർ കോ-വർക്കിംഗ് സ്പേസുകൾ ദിവസം 50 ദിർഹം നിരക്കിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. അൺലിമിറ്റഡ് കോഫിയും അതിവേഗ ഇന്റർനെറ്റും ഈ പാക്കേജിൽ ഉൾപ്പെടുന്നു.
്ു്ു

