പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി


ശാരിക

ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി (എഎപി) പ്രഖ്യാപിച്ചു. നിലവിലെ എം.എൽ.എമാർക്ക് തന്നെ വീണ്ടും അവസരം നൽകികൊണ്ടാണ് ആദ്യ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാൻ തന്റെ സിറ്റിങ് മണ്ഡലമായ ധുരിയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. ലുധിയാന വെസ്റ്റിൽ എം.എൽ.എ സഞ്ജീവ് അറോറയ്ക്ക് തന്നെയാണ് പാർട്ടി വീണ്ടും സീറ്റ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണം ശക്തമാക്കാനാണ് എഎപിയുടെ നീക്കം. പുതിയ പരീക്ഷണങ്ങൾക്ക് മുതിരാതെ നിലവിലുള്ള ജനപ്രതിനിധികളെ തന്നെ മത്സരരംഗത്തിറക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഭഗവന്ത് മാനിന് പുറമെ ഡോ. ഇന്ദർബീർ സിങ് നിജ്ജർ (അമൃത്സർ സൗത്ത്), കുൽദീപ് സിങ് ധാലിവാൾ (അജ്‌നാല), ബൽക്കാർ സിങ് (കർതാർപുർ), അജിത്‌പാൽ സിങ് കോഹ്‌ലി (പട്യാല) എന്നിവരാണ് ആദ്യ പട്ടികയിലെ മറ്റ് പ്രധാന നേതാക്കൾ.വ്യാവസായിക നഗരമായ ലുധിയാനയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെയും ആദ്യ ഘട്ടത്തിൽ തന്നെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ദൽജിത് സിങ് ഗ്രേവാൾ (ഭോല) ലുധിയാന ഈസ്റ്റിലും കുൽവന്ത് സിങ് സിദ്ദു ആത്മ നഗറിലും അശോക് പരാശർ (പാപ്പി) ലുധിയാന സെൻട്രലിലും സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിലും മദൻ ലാൽ ബഗ്ഗ ലുധിയാന നോർത്തിലും ജനവിധി തേടും.കൂടാതെ അമൻദീപ് കൗർ അറോറ (മോഗ), ജഗ്ദീപ് കാംബോജ് (ഗോൾഡി) – ജലാലാബാദ്, നരീന്ദർപാൽ സിങ് – ഫാസിൽക്ക, ജഗ്ദീപ് സിങ് കാക്ക ബ്രാർ – മുക്ത്സർ, കുൽതാർ സിങ് സന്ധ്‌വാൻ – കോട്കപുര, ബൽജീന്ദർ കൗർ – തൽവണ്ടി സാബോ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഹോഷിയാർപുരിൽ ബ്രഹ്മ് ശങ്കർ ജിംപയെയും ചബ്ബേവാളിൽ ഇഷാങ്ക് കുമാർ ചബ്ബേവാളിനെയും ഗർഹ്ശങ്കറിൽ ജയ് കൃഷ്ണ സിങ് റൗരിയെയും ദസൂയയിൽ കരംബീർ സിങ് ഘുമനെയുമാണ് എഎപി സ്ഥാനാർഥികളാക്കിയിരിക്കുന്നത്. മൊഹാളിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ കുൽവന്ത് സിങ്ങിന് വീണ്ടും സീറ്റ് ഉറപ്പിച്ചു.പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ സർവേകളും നിലവിലെ ജനപ്രതിനിധികളുടെ പ്രവർത്തനമികവും കൃത്യമായി വിലയിരുത്തിയാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.

ആകെ 117 മണ്ഡലങ്ങളുള്ള നിയമസഭയിൽ 34 ശതമാനത്തോളം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള 77 സീറ്റുകളിലേക്കുള്ള രണ്ടാം പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed