ദുബൈയിൽ 60 അപൂർവ ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലത്തിന്; രജിസ്‌ട്രേഷൻ ആരംഭിച്ചു


ശാരിക

ദുബൈ: ദുബൈയിൽ വാഹനം മോടിപിടിപ്പിക്കാനും അപൂർവ നമ്പറുകൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്കായി 60 ഫാൻസി വാഹന നമ്പർ പ്ലേറ്റുകൾ പരസ്യ ലേലത്തിനൊരുക്കി ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ആർ.ടി.എയുടെ 121-ാമത് പരസ്യ ലേലം ഒക്ടോബർ 24-ന് നടക്കും. ഇതിനായുള്ള രജിസ്ട്രേഷന് ഇന്ന് മുതൽ തുടക്കമായിട്ടുണ്ട്. ഹിൽട്ടൺ ദുബൈ അൽ ഹബ്‌തൂർ സിറ്റി ഹോട്ടലിൽ വെച്ചാണ് ലേലം നടക്കുന്നത്. BB 80, BB 18, CC 44 തുടങ്ങിയ അപൂർവ രണ്ടക്ക നമ്പറുകളാണ് ഇത്തവണത്തെ ലേലത്തിലെ പ്രധാന ആകർഷണം. രണ്ടക്കം മുതൽ അഞ്ചക്കം വരെയുള്ള ഫാൻസി നമ്പറുകൾ ലേലത്തിൽ ലഭ്യമാകും. AA, BB, CC, H, U, V, W, X, Y, Z എന്നീ കോഡുകളിലുള്ള നമ്പറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഉമ്മു റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ദുബൈയിൽ ട്രാഫിക് ഫയൽ ഉണ്ടായിരിക്കണം. കൂടാതെ 25,000 ദിർഹത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെക്ക് സമർപ്പിക്കേണ്ടതുണ്ട്. ലേലത്തിൽ നമ്പർ ലഭിക്കാത്തവർക്ക് ഈ സെക്യൂരിറ്റി തുക തിരികെ നൽകും.

എന്നാൽ രജിസ്ട്രേഷൻ ഫീസായ 120 ദിർഹം തിരികെ ലഭിക്കില്ല. ഒക്ടോബർ 24-ന് ഉച്ചയ്ക്ക് 2 മണി മുതൽ ലേല വേദിയിലേക്ക് പങ്കാളികളെ പ്രവേശിപ്പിക്കുന്നതാണ്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന ഒരാൾക്ക് എത്ര നമ്പറുകൾ വേണമെങ്കിലും ലേലത്തിൽ സ്വന്തമാക്കാവുന്നതാണ്. ലേലത്തിൽ നമ്പർ സ്വന്തമാക്കുന്നവർ 10 പ്രവൃത്തിദിനങ്ങൾക്കകം തുക പൂർണമായി അടച്ചുതീർക്കണം. നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടുകയും, ഇവരെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത ലേലക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ലേല തുകയ്ക്ക് 5 ശതമാനം മൂല്യവർധിത നികുതി ബാധകമായിരിക്കും.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed