പ്രതിഷേധാഗ്നിയിൽ എരിഞ്ഞ് ഫ്രാൻസ്; 2,000-ത്തിലധികം പേർ പൊലീസ് കസ്റ്റഡിയിൽ
ശാരിക
പാരിസ്: ഫ്രാൻസിൽ കുത്തനെയുയർന്ന ജീവിതച്ചെലവിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം തുടരുകയാണ്. പലയിടങ്ങളിലും സർക്കാർ സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. എട്ട് ലക്ഷത്തിൽ അധികം ആളുകളാണ് സർക്കാരിനെതിരെ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. പാരിസിലടക്കമുള്ള വിവിധ നഗരങ്ങളിലെ ആഡംബര വസ്ത്രശാലകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ അക്രമികൾ കൊള്ളയടിച്ചു. പ്രതിഷേധക്കാർ റോഡുകളിൽ വാഹനങ്ങൾക്ക് തീയിടുകയും പൊലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ലിമോസ് ടൗൺ ഹാൾ അക്രമികൾ തീയിട്ട് നശിപ്പിച്ചു. 1883-ൽ നിർമിച്ചതും 1975-ൽ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചതുമായ ഈ കെട്ടിടത്തിന്റെ മേൽക്കൂര താഴത്തെ നിലകളിലേക്ക് ഇടിഞ്ഞുവീഴുകയും, മൂന്നിൽ രണ്ട് ഭാഗവും പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു.
ഇതിനിടയിൽ, റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് ആശ്വാസം നൽകിക്കൊണ്ട് തീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 2,000-ത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ 600-ലധികം പൊലീസുകാർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. വ്യാപകമായ അക്രമങ്ങൾ നടത്തിയവർക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കർശന മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചവരും കൊള്ളയടിച്ചവരും വലിയ വില നൽകേണ്ടി വരുമെന്നും, ഇത് സർക്കാരിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളും അക്രമാസക്തമായി മാറി. ഇവിടെയും പ്രതിഷേധക്കാർ കടകൾ കൊള്ളയടിക്കുകയുണ്ടായി. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനുപുറമെ, സർവകലാശാലാ ഫീസ് വർധനവിനെതിരെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിലും വിദ്യാർഥികൾ വൻ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടുണ്ട്.
sadasd

