ശ്രാവണം 2026ന് സാംസ്കാരിക നിറപ്പകിട്ട് ; ശ്രദ്ധേയമായി 'അരുദ്ര' മെഗാ തിരുവാതിര


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026'ന് ഔപചാരിക തുടക്കം. സമാജം വേദിയിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി, വരും വർഷങ്ങളിൽ സംഗീത നാടക അക്കാദമിയുമായി ചേർന്ന് പ്രവാസി നാടകോത്സവവും ഫോക്‌ലോർ അക്കാദമിയുമായി ചേർന്ന് പ്രവാസി ഫോക് കലാകാരന്മാർക്കായി 'ഗോത്രയാനം' എന്ന പരിപാടിയും ബഹ്‌റൈനിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ സാംസ്കാരിക, സാമൂഹിക, ടൂറിസം വകുപ്പുകളുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഉദ്ഘാടനത്തിന് ശേഷം അരങ്ങേറിയ 'അരുദ്ര' മെഗാ തിരുവാതിരോത്സവം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബി.കെ.എസ് വനിതാ വേദിയുടെ നേതൃത്വത്തിൽ നൂറിലധികം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര പ്രവാസി മലയാളി സമൂഹത്തിന് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ചു. നൃത്തസംവിധായകൻ പ്രേമൻ ചാലക്കുടിയുടെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്.

അജിത്ത് നായരുടെ സംവിധാനത്തിൽ ശ്രീനേഷ് ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ 'പാർവതി പരിണയം' എന്ന നൃത്താവിഷ്കാരവും ബി.കെ.എസ് മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച സംഗീതപരിപാടിയും ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി.

ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സമാജം-വനിതാ വേദി ഭരണസമിതി അംഗങ്ങൾ, ശ്രാവണം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed