നബിദിന ആശംസകൾ നേർന്ന് ഹമദ് രാജാവ്; പ്രവാചക ജീവിതം സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വഴികാട്ടിയെന്ന് സന്ദേശം


പ്രദീപ് പുറവങ്കര

മനാമ: പ്രവാചകന്റെ ജന്മദിനം (മൗലിദ് ദിനം) അവിടുത്തെ ജീവിതചര്യകളെക്കുറിച്ചും സ്വഭാവമഹിമയെക്കുറിച്ചും ചിന്തിക്കാനും ജീവിതത്തിൽ പകർ‌ത്താനുമുള്ള അവസരമാണെന്ന് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രസ്താവിച്ചു. പ്രവാചക പ്രകീർത്തന ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുത, സമാധാനം, പരസ്പര സഹകരണം എന്നീ ഇസ്ലാമിക മൂല്യങ്ങളുടെ പ്രതീകമാണ് പ്രവാചക ജീവിതമെന്ന് രാജാവ് പറഞ്ഞു. മാനവ ചരിത്രത്തിൽ വിശ്വാസത്തിന്റെയും അറിവിന്റെയും പുതിയൊരു അധ്യായത്തിനാണ് പ്രവാചക ജനനത്തോടെ തുടക്കമായത്. വർദ്ധിച്ചുവരുന്ന ആഗോള വെല്ലുവിളികൾക്കിടയിൽ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ പ്രവാചകന്റെ അധ്യാപനങ്ങൾ പ്രചോദനമാണ്. വിദ്വേഷം വെടിഞ്ഞ് കരുണയും സൗഹാർദവും വളർത്താൻ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും രാജാവ് കൂട്ടിച്ചേർത്തു.

ദേശീയ ഐക്യം സംരക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളാനും ജനങ്ങളോട് ആഹ്വാനം ചെയ്ത ഹമദ് രാജാവ്, ബഹ്‌റൈനിലെ ജനങ്ങൾ എക്കാലവും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാണെന്ന് പ്രശംസിച്ചു.

പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് ഹമദ് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ എച്ച്.ആർ.എച്ച് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പരസ്പര ആശംസകൾ കൈമാറി. ബഹ്‌റൈന്റെ സമാധാനപരമായ അന്തരീക്ഷവും സഹവർത്തിത്വവും എടുത്തുപറഞ്ഞ കിരീടാവകാശിക്ക് രാജാവ് നന്ദി രേഖപ്പെടുത്തി. കൂടാതെ, വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികളുമായും ഇരുനേതാക്കളും ആശംസകൾ പങ്കുവെച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed