ബാങ്ക് തട്ടിപ്പ് കേസ്: 23-കാരനായ പാചകക്കാരൻ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ
പ്രദീപ് പുറവങ്കര
മനാമ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തെ സഹായിച്ച് ഇരയുടെ അക്കൗണ്ടിൽ നിന്ന് 899 ബഹ്റൈനി ദിനാർ കവർന്ന കേസിലെ പ്രതിയായ 23-കാരനായ പാചകക്കാരൻ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരായി. അജ്ഞാതരായ തട്ടിപ്പുകാരുമായി ചേർന്ന് ഇരയുടെ ഇലക്ട്രോണിക് ഒപ്പും വൺ-ടൈം പാസ്വേഡും (OTP) ദുരുപയോഗം ചെയ്താണ് പ്രതി വ്യാജ ഇടപാടുകൾ നടത്തിയത് എന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി കാണിച്ച് ലിങ്ക് അടങ്ങിയ ഒരു വ്യാജ സന്ദേശം വന്നതോടെയാണ് പരാതിക്കാരൻ തട്ടിപ്പിനിരയായത്. ലിങ്കിൽ കയറി ഒ.ടി.പി നൽകിയതിന് തൊട്ടുപിന്നാലെ രണ്ട് ഘട്ടങ്ങളിലായി ഇയാളുടെ അക്കൗണ്ടിൽ നിന്ന് 899 ദിനാർ പിൻവലിക്കപ്പെട്ടു. തുടർന്ന് ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുക്കപ്പെട്ട പണം പ്രതിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും, ഇയാൾ എ.ടി.എം വഴി ഈ പണം പിൻവലിച്ചതായും ബാങ്ക് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് ശൃംഖലയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇരകളിൽ നിന്ന് തട്ടിയെടുക്കുന്ന പണം സ്വന്തം അക്കൗണ്ടിൽ സ്വീകരിക്കുകയും, അത് ബഹ്റൈന് പുറത്തുള്ള സംഘാംഗങ്ങൾക്ക് കൈമാറുകയുമായിരുന്നു ഇയാളുടെ ചുമതല.
തന്റെ അക്കൗണ്ടിൽ പണം വന്നതായും മറ്റൊരാളുടെ നിർദ്ദേശപ്രകാരം അത് എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച് നേരിട്ട് കൈമാറിയതായും പ്രതി സമ്മതിച്ചു. എന്നാൽ തന്റെ വാദത്തിന് അനുകൂലമായ തെളിവുകളോ സാക്ഷികളെയോ ഹാജരാക്കാൻ ഇയാൾക്കായില്ല. പ്രതി പണം പിൻവലിക്കുന്നതിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കേസിൽ പ്രതിഭാഗത്തിന് അഭിഭാഷകനെ നിയമിക്കുന്നതിനായി ആഗസ്റ്റ് 16-ലേക്ക് കോടതി കേസ് മാറ്റി വെച്ചു.
ghfgh

