വാഹനാപകടത്തെ തുടർന്ന് ബഹ്റൈനിൽ വൻ മയക്കുമരുന്ന് ശൃംഖല പിടികൂടി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലുണ്ടായ ചെറിയൊരു വാഹനാപകടത്തെ തുടർന്ന് രാജ്യത്തെ വൻ മയക്കുമരുന്ന് ശൃംഖല പോലീസ് പിടികൂടി. അപകടത്തിൽപ്പെട്ട കാറിന്റെ മുൻ സസ്പെൻഷനടിയിൽ സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന മെത്താംഫെറ്റാമൈനും (ഐസ്) കഞ്ചാവും കണ്ടെടുത്തതോടെയാണ് രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് സംഘത്തിന്റെ വിവരങ്ങൾ പുറത്തായത്.
വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കുകയും സൂക്ഷിച്ചുവെച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ രഹസ്യമായി വെച്ച് കൈമാറുന്ന 'ഡെഡ് ഡ്രോപ്പ്' രീതിയിലൂടെ വിതരണം നടത്തുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്ന ഒരു പ്രതി തന്റെ കാറിനടിയിൽ നിന്നും എന്തോ എടുത്ത ശേഷം വാഹനം ഓടിച്ചു പോകുന്നത് ഉദ്യോഗസ്ഥർ കണ്ടു. എന്നാൽ യാത്രയ്ക്കിടയിൽ ഇയാൾ സിഗ്നൽ തെറ്റിച്ചു വണ്ടി ഓടിക്കുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്തു. അപകട സ്ഥലത്തെത്തിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനടിയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
കാറിനടിയിൽ നിന്നും കണ്ടെടുത്ത രണ്ട് സോക്സുകൾക്കുള്ളിൽ 22.13 ഗ്രാം തൂക്കം വരുന്ന 21 പാക്കറ്റ് മെത്താംഫെറ്റാമൈനും, 12.07 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. തുടർന്ന് രണ്ടാമത്തെ പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 21.09 ഗ്രാം തൂക്കമുള്ള 20 പാക്കറ്റ് മെത്താംഫെറ്റാമൈൻ കൂടി പോലീസ് കണ്ടെടുത്തു.
പിടിയിലായ രണ്ട് പ്രതികളും മുപ്പതുകളിലും നാൽപ്പതുകളിലും പ്രായമുള്ള ഏഷ്യൻ സ്വദേശികളായ തൊഴിലന്വേഷകരാണ്. വിൽപ്പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മയക്കുമരുന്ന് സൂക്ഷിച്ചതെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വിചാരണ ജൂലൈ 19 ലേക്ക് കോടതി മാറ്റിവെച്ചു.
dxfdsf

