ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ച കേസ്: കേസ് ജൂലൈ 20ലേക്ക് മാറ്റി


പ്രദീപ് പുറവങ്കര

മനാമ: ഭരണഘടനാ വ്യവസ്ഥകളും നിയമങ്ങളും റദ്ദാക്കാനും, ഭരണകൂട സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താനും, ദേശീയ ഐക്യം തകർത്ത് രാജ്യത്തെ നിലവിലുള്ള ഭരണഘടനാ വ്യവസ്ഥ അട്ടിമറിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ച ഭീകര സംഘടനയിൽ ചേർന്ന പ്രതികളുടെ കേസ് ഹൈ ക്രിമിനൽ കോടതി ഇന്നലെ പരിഗണിച്ചു.

ആരാധനാലയങ്ങളും മതപഠന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ഇറാന്റെ പരമോന്നത നേതാവിനോട് പൂർണ്ണമായ വിശ്വസ്തത പുലർത്തുന്ന 'വിലായത്ത് അൽ-ഫഖീഹ്' എന്ന ആശയപ്രചാരണം നടത്താനാണ് ഈ സംഘം ശ്രമിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഭരണകൂടത്തിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കുക, ഭീകരപ്രവർത്തനങ്ങൾക്കും കലാപങ്ങൾക്കും പ്രേരിപ്പിക്കുക, അട്ടിമറി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, ഇത്തരം പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുകയും വിനിയോഗിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസിൽ ആകെ 18 പ്രതികളാണ് ഉള്ളതെന്നും ഇതിൽ 15 പേർ കസ്റ്റഡിയിലാണെന്നും മൂന്ന് പേർ ഒളിവിലാണെന്നും ഭീകരവിരുദ്ധ പ്രോസിക്യൂഷൻ തലവൻ അറ്റോർണി ജനറൽ അറിയിച്ചു. കസ്റ്റഡിയിലുള്ള പ്രതികളെ അവരുടെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ വേളയിൽ കുടുംബാംഗങ്ങളെ ബന്ധപ്പെടാനുള്ള അനുമതിയും ആവശ്യമായ ആരോഗ്യപരിചരണവും ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ അവകാശങ്ങളും പ്രതികൾക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൾക്കായി പ്രൈവറ്റ് അഭിഭാഷകർക്ക് പുറമെ കോടതി ചുമതലപ്പെടുത്തിയ ഔദ്യോഗിക പ്രതിരോധ അഭിഭാഷകരും ഹാജരായിരുന്നു. നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ പ്രതിനിധിയുടെ സാന്നിധ്യത്തിൽ സുതാര്യവും നീതിയുക്തവുമായ വിചാരണാ നടപടികളാണ് കോടതിയിൽ നടന്നത്. കോടതി നടപടികൾക്കിടയിൽ പ്രതികളുടെയും അഭിഭാഷകരുടെയും ഭാഗങ്ങൾ കോടതി വിശദമായി കേട്ടു. കേസ് ഫയലുകൾ പഠിക്കുന്നതിനും കസ്റ്റഡിയിലുള്ള പ്രതികളെ നേരിൽക്കണ്ട് സംസാരിക്കുന്നതിനുമായി പ്രതിഭാഗത്തിന് സമയം അനുവദിച്ച കോടതി, കേസ് 2026 ജൂലൈ 20ലേക്ക് മാറ്റിവെച്ചു.

അന്വേഷണ ഘട്ടത്തിലും വിചാരണാ ഘട്ടത്തിലും പ്രതികളുടെ അവകാശങ്ങൾ ബഹ്‌റൈൻ നിയമം പൂർണ്ണമായി ഉറപ്പുനൽകുന്നുണ്ടെന്ന് അറ്റോർണി ജനറൽ ഊന്നിപ്പറഞ്ഞു. മാനുഷിക പരിഗണനയോടെയുള്ള പെരുമാറ്റം, അറസ്റ്റിന്റെ കാരണം വ്യക്തമാക്കൽ, കുടുംബവുമായും അഭിഭാഷകരുമായും ബന്ധപ്പെടാനുള്ള സൗകര്യം എന്നിവ നിയമപരമായി ഉറപ്പാക്കുന്നുണ്ട്.

പബ്ലിക് പ്രോസിക്യൂഷൻ തികച്ചും നിഷ്പക്ഷമായും വസ്തുനിഷ്ഠമായും മാത്രമാണ് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നത്. നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലോ അനാവശ്യമായോ ആരെയും കുറ്റക്കാരാക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കില്ല. ക്രിമിനൽ നടപടിച്ചട്ടങ്ങൾക്ക് അനുസൃതമായാണ് വിചാരണകൾ നടക്കുന്നത്. പ്രതികൾക്ക് പ്രതിരോധത്തിനുള്ള അവകാശവും കോടതി വിധികൾക്കെതിരെ നിയമപരമായ അപ്പീൽ നൽകാനുള്ള സൗകര്യവും കോടതികൾ പൂർണ്ണമായി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sadasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed